
ഏഷ്യാ കപ്പ് ഫൈനലിലെ സമ്മര്ദ്ദങ്ങളെ അവസരങ്ങളായാണ് കണ്ടതെന്ന് മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ്. ഷാര്ജ സക്സസ് പോയന്റ് കോളേജില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു സഞ്ജു. ആരാധകര് നല്കിയ പിന്തുണയില് വലിയ സന്തോഷമുണ്ടെന്നും ടീമിന് വേണ്ടി ഏത് റോളിലും ഏത് പൊസിഷനിലും കളിക്കാന് താന് തയ്യാറായിരുന്നെന്നും സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
'ഫൈനലില് വലിയ സമ്മര്ദ്ദമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് എന്നെ കളിപ്പിക്കുന്നത്. അതാണ് ഇത്രയും വര്ഷം പഠിച്ചിട്ടുള്ളതും. ആ സാഹചര്യത്തില് സമ്മര്ദ്ദങ്ങളേക്കാള് കൂടുതല് അവസരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ അവസരം ഉപയോഗിക്കാനും നന്നായി കളിക്കാനും സാധിച്ചതില് സന്തോഷമുണ്ട്', സഞ്ജു പറഞ്ഞു.
'പ്ലേയിങ് ഇലവനിലെ സ്ഥാനമാറ്റത്തെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. നേരത്തെ പറഞ്ഞ പോലെ നമ്മുടെ ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് എടുത്തിട്ടു. അപ്പോള് നമുക്ക് ഏത് റോളും ഏറ്റെടുക്കാനും കളിക്കാനും സാധിക്കും. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള് ചെയ്യുക എന്നതാണ് പ്രധാനം. ഇത് മനസ്സില് അംഗീകരിച്ചു കഴിഞ്ഞാല് പിന്നെ പ്രശ്നമില്ല', സഞ്ജു പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റിൽ ഏത് റോൾ ഏറ്റെടുക്കാനും താൻ തയ്യാറാണെന്നും മലയാളത്തിന്റെ മോഹൻലാലിനെ പോലെ വില്ലനാകാനും കോമാളി ആകാനും നായകാനാകാനുമെല്ലാം തനിക്ക് സാധിക്കുമെന്നും സഞ്ജു സാംസൺ പറഞ്ഞിരുന്നു. മലയാളി താരമായ സഞ്ജുവിന്റെ ഈ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു.
'ശ്രീലങ്കയുമായുള്ള മത്സരത്തില് പെട്ടെന്ന് റണ്സ് സ്കോര് ചെയ്യാനായിരുന്നു നിര്ദേശം. എന്നാല് ഫൈനലില് പതുക്കെ സ്കോര് ചെയ്യാനും കൂട്ടുകെട്ട് പടുത്തുയര്ത്താനുമായിരുന്നു നിര്ദേശം. അങ്ങനെ തന്നെ ചെയ്യാന് സാധിച്ചു. അതിനുള്ള എക്സ്പീരിയന്സും അന്താരാഷ്ട്ര ക്രിക്കറ്റില് എനിക്കുണ്ടല്ലോ', സഞ്ജു കൂട്ടിച്ചേര്ത്തു.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് പാകിസ്താനെതിരായ ഫൈനലില് നിര്ണായക ഇന്നിങ്സാണ് സഞ്ജു സാംസണ് പുറത്തെടുത്തത്. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 21 പന്തില് 24 റണ്സാണ് സഞ്ജു അടിച്ചെടുത്തത്. ഒരു പടുകൂറ്റന് സിക്സും രണ്ട് ബൗണ്ടറികളും മലയാളി താരത്തിന്റെ ബാറ്റില് നിന്ന് പിറന്നു. തിലക് വര്മയുമായി നിര്ണായക കൂട്ടുകെട്ട് പടുത്തുയര്ക്കുകയായിരുന്ന സഞ്ജുവിനെ പുറത്താക്കി അബ്രാര് അഹമ്മദാണ് പാകിസ്താന് ബ്രേക്ക് ത്രൂ നല്കിയത്. 13-ാം ഓവറിലെ രണ്ടാം പന്തില് സാഹിബ്സാദ ഫര്ഹാനാണ് സഞ്ജുവിനെ പിടികൂടിയത്.
Content Highlights: Sanju Samson About Pressure Situations in IND vs PAK Asia Cup Final