'ഇത് അവരുടെ കാലം, പക്ഷെ അത് മാറും, ഞങ്ങളുടെ കാലം വരും'; പാക് നായകൻ സല്‍മാൻ അലി ആഘ

ബാക്കിയുള്ള ടീമുകൾക്കെതിരെ ജയിച്ച് മുന്നേറിയെത്തിയ പാകിസ്താന് പക്ഷെ ഇന്ത്യക്കെതിരെ ഒരു കളി പോലും വിജയിക്കാൻ സാധിച്ചില്ല

ഏഷ്യാ കപ്പ് ടൂർണമെന്റിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഫൈനലിൽ അടക്കം മൂന്ന് തവണയാണ് പാകിസ്താനെ ഇന്ത്യൻ സംഘം തോൽപ്പിച്ചത്. ബാക്കിയുള്ള ടീമുകൾക്കെതിരെ ജയിച്ച് മുന്നേറിയെത്തിയ പാകിസ്താന് പക്ഷെ ഇന്ത്യക്കെതിരെ ഒരു കളി പോലും വിജയിക്കാൻ സാധിച്ചില്ല. ഒരു മത്സരത്തിൽ പോലും ഇന്ത്യക്കെതിരെ ജയിക്കാൻ സാധിക്കാത്തിനെ കുറിച്ച് പാകിസ്താൻ നായകനോട് ചോദ്യം ഉയർന്നിരുന്നു. ബാക്കിയുള്ള ടീമുകൾക്കെതിരെ ജയിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യക്കെതിരെ തോൽക്കുന്നു എന്നായിരുന്നു വാർത്താസമ്മേളനത്തിൽ പാകിസ്താൻ ക്യാപ്റ്റനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

' ഞങ്ങൾ ഞങ്ങളുടെ പ്രകടനത്തെ വിലയിരുത്തിയിരുന്നു. ഇന്ത്യക്കെതിരെ മോശം കളിയാണ് ഞങ്ങൾ കളിച്ചത്. എന്നാൽ ഞങ്ങളുടെ റെക്കോഡ് എടുക്കുകയാണെങ്കിൽ ഞങ്ങൾ ഇപ്പോഴും മുന്നിലാണ്.

എല്ലാ ടീമിനും അവരുടെ കാലമുണ്ടാകും. ഇത് അവരുടെ കാലമാണ് 90കളിൽ ഞങ്ങളുടെ കാലം പോലെയാണ് ഇപ്പോഴത്തെ അവരുടെ കാലം. അവരെ ഞങ്ങൾ തോൽപ്പിക്കുന്നതും കാലം മാറുന്നതും നിങ്ങൾക്ക് ഉടനെ കാണാം,' പ്രസ് കോൺഫറൻസിൽ സംസാരിക്കവെ സൽമാൻ അലി ആഘ പറഞ്ഞു.

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്താനെതിരെ ഇന്ത്യ അനായാസമായാണ് വിജയിക്കുന്നത്. ഫൈനലിൽ പാകിസ്താൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യ പാകിസ്താനെ മറികടക്കുകയായിരുന്നു.

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്.

പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്‌റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.

നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തിൽ 33 റൺസെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റൺസായിരുന്നു വേണ്ടത്. എന്നാൽ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.

Content Highlights- Pakistan Captain Salman Ali Agha Says This Is India's Era

To advertise here,contact us