ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞ് പാകിസ്താൻ ക്യാപ്റ്റൻ! കൂവലുമായി ആരാധകർ

വളരെ മോശം പ്രവർത്തിയാണ് സൽമാൻ ചെയ്തതെന്നും ക്രിക്കറ്റ് പ്രേമികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ വിജയിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. ആവേശം അവസാന ഓവർ വരെ നിലനിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. മത്സരത്തിന് ശേഷമുള്ള സമ്മാന ദാന ചടങ്ങിൽ വിവാദങ്ങൾ അണപൊട്ടിയിരുന്നു. ഹസ്തദാനം ഈ കളിയിലും ഒഴിവാക്കിയ ഇന്ത്യൻ ടീം കിരീടം മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും വാങ്ങാൻ തയ്യാറായില്ല. മത്സരം കഴിഞ്ഞും ഒരു മണിക്കൂറിന് ശേഷമാണ് സമ്മാനദാന ചടങ്ങുകൾ ആരംഭിച്ചത് പോലും. പാകിസ്താൻ താരങ്ങൾ ഗ്രൗണ്ടിൽ എത്താൻ വൈകിയതാണ് ഇതിന് കാരണം.

ഇതിനെല്ലാം പിന്നലെ പാകിസ്താൻ നായകന്റെ ഒരു ആക്ഷനും ഏറെ ചർച്ചയാകുന്നുണ്ട്. ഏഷ്യാ കപ്പ് റണ്ണറാപ്പയതിന് നഖ്‌വിയിൽ നിന്നും ലഭിച്ച ചെക്ക് പാകിസ്താൻ നായകൻ സൽമാൻ അലി ആഘ വലിച്ചെറിഞ്ഞിരുന്നു. അത് വെച്ച് ഫോട്ടോ എടുത്തതിന് ശേഷം അദ്ദേഹം എറിയുകയായിരുന്നു. താരത്തിന്റെ ഈ പ്രവർത്തിയെ ആരാധകർ കൂവുന്നുണ്ടായിരുന്നു. വളരെ മോശം പ്രവർത്തിയാണ് സൽമാൻ ചെയ്തതെന്നും ക്രിക്കറ്റ് പ്രേമികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

salman ali agha received and throw away runner-up award. #PakistanCricket #INDvPAK #PakVsInd pic.twitter.com/TgBIh9e5tJ

അതേസമയം ഏഷ്യാ കപ്പ് ട്രോഫി വാങ്ങാതെയാണ് ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്. പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ ടീം തറപ്പിച്ച് പറയുകയായിരുന്നു. പിന്നാലെ ട്രോഫിയുമായി നഖ്‌വി സ്റ്റേഡിയം വിടുകയും ചെയ്തു.

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

Content Highlights- Salman Ali Agha Throw away Runners Up check during ceremony

To advertise here,contact us