ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്താൻ ഫൈനലിലെ ആവേശപ്പോരിൽ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. ഒരുപാട് വിവാദങ്ങളിലൂടെ കടന്നപോയ ടൂർണമെന്റിലെ കളി കഴിഞ്ഞിട്ടും വിവാദം ഒടുങ്ങിയില്ല. മത്സരത്തിന് ശേഷം ഇന്ത്യക്കെതിരെയും നായകൻ സൂര്യകുമാർ യാദവിനെതിരെയും പാകിസ്താൻ നായകൻ സൽമാൻ അല് ആഘ രംഗത്തെത്തിയിരുന്നു. ഇന്ത്യ അപമാനിച്ചത് പാകിസ്താനെ അല്ല, ക്രിക്കറ്റിനെ ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
'ടൂർണമെന്റിന് മുമ്പുള്ള പത്രസമ്മേളനത്തിലും പിന്നീട് റഫറിയുടെ മീറ്റിങ്ങിൽ വെച്ച് കണ്ടപ്പോഴുമെല്ലാം ഹസ്തദാനം ചെയ്യാൻ സൂര്യകുമാറിന് പ്രശ്നമില്ലായിരുന്നു. എന്നാൽ ക്യാമറകൾക്ക് മുന്നിൽ ലോകം കാണുമ്പോൾ അദ്ദേഹത്തിന് ഹസ്തദാനം നൽകാൻ മടിയാകുന്നു. അദ്ദേഹത്തിന് ലഭിച്ച നിർദ്ദേശങ്ങൾ പാലിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അയാൾക്ക് തീരുമാനിക്കാൻ സാധിക്കുന്ന കാര്യമാണെങ്കിൽ ഉറപ്പായും ഹസ്തദാനം നൽകിയേനെ,' സൽമാൻ പറഞ്ഞു.
ഇന്ത്യ ഈ ടൂർണമെന്റിൽ ചെയ്യുന്നത് നിരാശജനകമാണ്, ഹസ്തദാനം ചെയ്യാത്തതിലൂടെ അവർ ഞങ്ങളെയല്ല ക്രിക്കറ്റിനെയാണ് അപമാനിച്ചത്.
ഇന്ത്യ ഇന്ന് ചെയ്തത് പോലെ നല്ല ടീമുകൾ ചെയ്യില്ല. ഞങ്ങളുടെ കടമകൾ നിറവേറ്റാൻ വേണ്ടി ഞങ്ങൾ ട്രോഫിയുമായി ഒറ്റയ്ക്ക് പോസ് ചെയ്യാൻ പോയി. ഞങ്ങൾ അവിടെ നിന്ന് മെഡലുകൾ വാങ്ങി. കഠിനമായ വാക്കുകൾ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവർ വളരെ അനാദരവോടെയാണ് പെരുമാറിയത്. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഈ ടൂർണമെന്റിൽ സംഭവിച്ചതെല്ലാം വളരെ മോശമായിരുന്നു, ക്രിക്കറ്റിന് ദോഷകരമായതിനാൽ ഇത് ഏതെങ്കിലും ഘട്ടത്തിൽ നിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിന് ശേഷം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻറ് മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ശക്തമായി തന്നെ നിലകൊണ്ടു. നഖ്വി പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയാണ്.ടൂർണമെന്റിലുടനീളം പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാൽ മൊഹ്സിൻ നഖ്വിയിൽ നിന്നും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ ആഘോഷം തുടങ്ങി.
ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.
Content Highlights- Salman Ali Agha against Suryakumar Yadav and Indian team