പ്രതിഷേധവുമായി ഇന്ത്യൻ ടീം, ട്രോഫിയുമായി റൂമിലേക്ക് പോയി ACC പ്രസിഡന്റ്

ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്

ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.

ഇന്ത്യൻ താരങ്ങൾക്ക് മെഡലും ട്രോഫിയും നൽകാൻ സംഘാടകരും ശ്രമം നടത്തിയില്ല. ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് ഓടിപോയെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം ഈ ചെയ്തത് മോശമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ അഭിപ്രായപ്പെട്ടു.

ടൂർണമെന്റിലുടനീളം പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാൽ മൊഹ്‌സിൻ നഖ്വിയിൽ നിന്നും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്‌വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ ആഘോഷം തുടങ്ങി.

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും പാകിസ്താൻ 19.1 ഓവറിൽ ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്. വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ, ജസ്പ്രിത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

പാകിസ്താന് വേണ്ടി ഓപ്പണർ സാഹിബ്സാദ ഫർഹാൻ അർധ സെഞ്ച്വറി നേടി. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ്‌സ് സ്‌കോറർ. ഫഖർ സമാൻ 35 പന്തിൽ 46 റൺസെടുത്തു. മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.

147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.

നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തിൽ 33 റൺസെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റൺസായിരുന്നു വേണ്ടത്. എന്നാൽ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.

Content Highlights- Mohsin Naqvi Ran Away with Asiacup trophy

To advertise here,contact us