
ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മിഥുന് മന്ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് മുന് ഡല്ഹി ക്രിക്കറ്റ് താരം മിഥുന് മന്ഹാസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുൻ. റോജര് ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ലാത്ത മിഥുൻ ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
റോജര് ബിന്നിയുടെ പിന്ഗാമിയായി മന്ഹാസിനെ തിരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് മിഥുന് മന്ഹാസ് തിരഞ്ഞെടുക്കപ്പെട്ടത്. ജമ്മു കശ്മീര് ക്രിക്കറ്റ് അസോസിയേഷന്റെ ഡയറക്ടറായി പ്രവര്ത്തിച്ചിട്ടുള്ള ഈ 45കാരന്റെ ഭരണപാടവം ബിസിസിഐയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ബിസിസിഐയുടെ മറ്റ് സാരഥികളെയും വാര്ഷിക യോഗത്തില് തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ശുക്ലയാണ് ബിസിസിഐയുടെ വൈസ് പ്രസിഡന്റ്. ദേവജിത് സൈകിയ സെക്രട്ടറി സ്ഥാനത്ത് തുടരും. പ്രഭ്തേജ് സിങ് ഭാട്ടിയയാണ് ജോയിന്റ് സെക്രട്ടറി. എ രഘുറാം ഭട്ടാണ് ട്രഷറര്. അപെക്സ് കൗൺസിലിലെ ഏക അംഗമായി ജയദേവ് നിരഞ്ജൻ ഷാ തിരഞ്ഞെടുക്കപ്പെട്ടു.ഗവേണിംഗ് കൗൺസിലിൽ അരുൺ സിംഗ് ധുമാലും എം ഖൈറുൽ ജമാൽ മജുംദാറും ഇടം നേടി.
Content Highlights: Mithun Manhas elected as new BCCI president