ഏഷ്യാ കപ്പ് സൂപ്പര് ഫോറിലെ ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില് വിക്കറ്റിനും മുന്നിലും പിന്നിലും മികച്ച പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തില് ബാറ്റുചെയ്യാന് അവസരം കിട്ടാതിരുന്ന സഞ്ജു ലങ്കയ്ക്കെതിരെ തകർത്തടിക്കുന്നതാണ് കണ്ടത്. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തില് 39 റണ്സെടുത്ത് പുറത്തായി. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില് നിന്ന് പിറന്നത്.
മത്സരത്തിൽ ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ തകർപ്പൻ നേട്ടം സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല് റണ്സ് സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റില് മുന് താരവും ഇന്ത്യന് ടീമിന്റെ നിലവിലെ ഹെഡ് കോച്ചുമായ ഗൗതം ഗംഭീറിനെ മറികടക്കാന് സഞ്ജുവിന് സാധിച്ചു. ടി20യില് ഇന്ത്യയ്ക്ക് വേണ്ടി ഇപ്പോള് ഗൗതം ഗംഭീറിനേക്കാള് കൂടുതല് റണ്സാണ് സഞ്ജുവിന്റെ പേരിലുള്ളത്.
2015-ൽ സിംബാബ്വെയ്ക്കെതിരെ ടി20യിൽ അരങ്ങേറ്റം കുറിച്ച സഞ്ജു നിലവിൽ 48 മത്സരങ്ങളിൽ നിന്ന് 41 ഇന്നിങ്സുകളിൽ നിന്ന് 969 റൺസാണ് അടിച്ചെടുത്തിട്ടുള്ളത്. ആദ്യ ലോകകപ്പിലൂടെ ടി20യിൽ അരങ്ങേറ്റം കുറിച്ച ഗൗതം ഗംഭീർ 37 മത്സരങ്ങളിൽ നിന്ന് 36 ഇന്നിങ്സുകളിൽ നിന്ന് 932 റൺസ് നേടിയാണ് തന്റെ കരിയർ അവസാനിപ്പിച്ചത്.
അതേസമയം ഇന്ത്യയുടെ മുന് ടി20 ക്യാപ്റ്റന് രോഹിത് ശര്മയാണ് പട്ടികയില് ഒന്നാമതുള്ളത്. ഒരു വര്ഷം മുന്പ് അന്താരാഷ്ട്ര ടി20 ഫോര്മാറ്റില് നിന്ന് വിരമിച്ച രോഹിത് 159 മത്സരങ്ങളില് നിന്ന് 151 ഇന്നിങ്സുകള് കളിച്ച 4231 റണ്സ് നേടിയിട്ടുണ്ട്. 4188 റൺസ് നേടിയ വിരാട് കോഹ്ലിയാണ് രോഹിത്തിന് തൊട്ടുപിന്നിൽ രണ്ടാമതുള്ളത്. 2669 റൺസുമായി സൂര്യകുമാർ യാദവാണ് ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
Content Highlights: Sanju Samson surpasses Gautam Gambhir In Huge Batting List Topped By Rohit Sharma