കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിൽ ഏത് റോൾ ഏറ്റെടുക്കാനും താൻ തയ്യാറാണെന്നും മലയാളത്തിന്റെ മോഹൻലാലിനെ പോലെ വില്ലനാകാനും കോമാളി ആകാനും നായകാനാകാനുമെല്ലാം തനിക്ക് സാധിക്കുമെന്നും സഞ്ജു സാംസൺ പറഞ്ഞത്. മലയാളി താരമായ സഞ്ജുവിന്റെ ഈ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു. ഓപ്പണിങ് റോളിൽ നിന്നു മാറ്റപ്പെട്ട സഞ്ജു ഈ ഏഷ്യാ കപ്പിൽ വ്യത്യസ്ത റോളുകളിലും ബാറ്റിങ് പൊസിഷനുകളിലുമാണ് കാണപ്പെട്ടത്. ഒടുവിൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ആരാധകർ പുകഴ്ത്തിയിരുന്നു.
അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ സഞ്ജു 23 പന്തിൽ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 39 റൺസ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു മോഹൻലാൽ സാംസൺ എന്ന് വിളിച്ച് ആരാധകരെത്തിയത്. ഏത് റോളിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകർ കുറിക്കുന്നത്. ഇതിനിടെ ഇന്നിങ്സ് ബ്രേക്കിൽ രവി ശാസ്ത്രിയും സഞ്ജന ഗണേഷനുമടങ്ങുന്ന പാനൽ സഞ്ജുവിനെ സഞ്ജു മോഹൻലാൽ സാംസൺ എന്ന് വിളിച്ചതായും ആരാധകർ കുറിക്കുന്നു. എന്നാൽ ഇതിന്റെ വീഡിയോ ഒന്നും ലഭ്യമല്ല.
ക്രിക്ക്ബസിന്റെ ഷോയിൽ സഞ്ജുവിന് മധ്യനിരയിലേക്കുള്ള റോൾ ചെയ്ഞ്ച് ഏറെ പാടായിരിക്കുമെന്നും കാരണം അദ്ദേഹത്തിന്റെ മികച്ച പ്രകടനമെല്ലാം ടോപ് ഓർഡറിലായിരുന്നുവെന്നും ഹർഷാ ഭോഗ്ലെ പറഞ്ഞു. ടോപ് ഓർഡറിൽ കളിക്കുന്ന ബാറ്ററിന്റെ റോൾ മാറ്റുന്നതിനേക്കാൾ എളുപ്പമായിരിക്കും മോഹൻലാലിന് വില്ലൻ റോളിലേക്ക് മാരുന്നത് എന്നും ഹർഷ തമാശ രൂപേണ പറഞ്ഞു. ഒരു ടോപ് ഓർഡർ ബാറ്ററെ സംബന്ധിച്ചിടത്ത് ലോവർ ഓർഡറിൽ അഡാപ്റ്റ് ചെയ്യുവാൻ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കും പറഞ്ഞു.
Harsha Bhogle , Dinesh Karthik & Saiyami kher talks about Sanju " mohanlal " Samson 😄 "Easier for #Mohanlal to adapt than Samson to shift roles"♥️@mohanlal 🔥#AsiaCup2025 #SanjuSamson#INDvsSL pic.twitter.com/gQ0xbsFsa9
അതേസമയം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറിയോടെ തിളങ്ങിയ പതും നിസങ്കയാണ് മത്സരം ആവേശക്കൊടുമുടിയിലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി 58 പന്തിൽ 107 റൺസുമായി പതും നിസങ്ക വീരോചിതമായി പൊരുതിയപ്പോൾ മത്സരം ടൈയിൽ കലാശിച്ചു. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസങ്കയുടെ ഇന്നിങ്സ്.
സെഞ്ച്വറിയുമായി നിസങ്ക ലങ്കൻ ഇന്നിങ്സ് നയിച്ചതോടെ വിജയം ലങ്കയ്ക്കൊപ്പമെന്ന് ഉറപ്പിച്ച നിമിഷമാണ് മത്സരത്തിന്റെ ഗതി മാറിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ നിസങ്കയെ ഹർഷിത് റാണ കൂടാരം കയറ്റി. അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് തകർത്ത് പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് നേടാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ തന്നെ ലക്ഷ്യം മറികടന്ന് വിജയത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തിൽ രണ്ട് സിക്സും എട്ട് ബൗണ്ടറികളുമടക്കം 61 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാർദിക് പാണ്ഡ്യ രണ്ട് റൺസെടുത്ത് പുറത്തായി. തിലക് വർമ 49 റൺസെടുത്തും അക്ഷർ പട്ടേൽ 21 റൺസെടുത്തും പുറത്താവാതെ നിന്നു.
Content Highlights- Sanju samson Is being compared to mohanlal for Role switches