തീർത്തും അപക്വമായ അബദ്ധങ്ങൾ! ഇന്ത്യൻ താരത്തിനെതിരെ ആഞ്ഞടിച്ച് അശ്വിൻ

ആകെ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്

ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിന് ശേഷം ഇന്ത്യൻ യുവതാരം ഹർഷിത് റാണയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടൂർണമെന്റിലെ രണ്ടാം കളി മാത്രം കളിച്ച ഹർഷിത് റാണ ശ്രീലങ്കക്കെതിരെ നാല് ഓവറിൽ 54 റൺസാണ് വിട്ടുനൽകിയത്. ആകെ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഹർഷിത് റാണയുടെ ബൗളിങ് പ്രവചനാതീതമായിരുന്നു എന്ന് അശ്വിൻ പറഞ്ഞു. ദുബൈയിലെ പിച്ചിൽ എങ്ങനെ എറിയണമെന്ന് റാണക്ക് അറിയാത്തത് പോലെ തോന്നിയെന്നും അപക്വമായാണ് അദ്ദേഹം ബൗൾ ചെയ്തതെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹർഷിത് റാണയെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ കുറച്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കുറച്ച് കളിച്ചിട്ടില്ല. ഒരു കളി കളിച്ച് പിന്നീട് പുറത്തിരിക്കുന്നത് കഠിനമായ കാര്യമാണ്. എന്നാൽ ശ്രീലങ്കക്കെതിരെ ഹർഷിത് റാണയുടെ പിഴവുകൾ തികച്ചും അപക്വമായിരുന്നു.

അവൻ ഒരു പന്ത് പേസ് കൂട്ടി എറിയുന്ന പിന്നെ സ്ലോ ബോൾ എറിയുന്നു, പിന്നേം പേസ് കൂട്ടി എറിയുന്നു. അത് വളരെ മോശമാണ്. അപക്വമായി ക്രിക്കറ്റ് കളിക്കുന്നതിന്റെ ലക്ഷണമാണ് ഇത്. അവൻ ഇതിൽ നിന്നും പഠിക്കുമെന്ന് കരുതുന്നു,' അശ്വിൻ പറഞ്ഞു.

അതേസമയം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറിയോടെ തിളങ്ങിയ പതും നിസങ്കയാണ് മത്സരം ആവേശക്കൊടുമുടിയിലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി 58 പന്തിൽ 107 റൺസുമായി പതും നിസങ്ക വീരോചിതമായി പൊരുതിയപ്പോൾ മത്സരം ടൈയിൽ കലാശിച്ചു. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസങ്കയുടെ ഇന്നിങ്സ്.

അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് തകർത്ത് പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് നേടാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ തന്നെ ലക്ഷ്യം മറികടന്ന് വിജയത്തിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തിൽ രണ്ട് സിക്സും എട്ട് ബൗണ്ടറികളുമടക്കം 61 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാർദിക് പാണ്ഡ്യ രണ്ട് റൺസെടുത്ത് പുറത്തായി. തിലക് വർമ 49 റൺസെടുത്തും അക്ഷർ പട്ടേൽ 21 റൺസെടുത്തും പുറത്താവാതെ നിന്നു.

Content Highlights- R Ashwin Slams Harshit Rana For his performances against Srilanka

To advertise here,contact us