ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യ-പാകിസ്താൻ ഫൈനൽ നടക്കാൻ ഒരുങ്ങുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് സ്വപ്ന ഫൈനൽ. ടൂർണമെന്റിൽ രണ്ട് തവണ മുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നുവെങ്കിലും ബംഗ്ലാദേശിനെതിരെയുള്ള വിർച്ച്വൽ നോക്കൗട്ടിൽ മികച്ച പ്രകടനമാണ് സൽമാൻ അലി ആഘയും സംഘവും നടത്തിയത്. ഫൈനലിൽ വരുമ്പോൾ കരുത്തരായാണ് എത്തുന്നതെന്നാണ് പാക് നായകൻ സൽമാൻ അലി ആഘ ബംഗ്ലാദേശിനെതിരെയുള്ള വിജയത്തിന് ശേഷം പറഞ്ഞത്.
ടീം സെറ്റിൽഡ് ആയെന്നും ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നും സൽമാൻ പറഞ്ഞു. 'ഞങ്ങൾ സെറ്റിൽഡ് ആണ്, ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും, ഫൈനലിൽ അവരെ തോൽപ്പിക്കാൻ ശ്രമിക്കും. ഞങ്ങൾ ആവേശത്തിലാണ്,' മത്സര ശേഷം സൽമാൻ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ പിന്നീട് സൂപ്പർ ഫോർ ഘട്ടത്തിൽ പാകിസ്താനെ ഇന്ത്യ അനായാസം കീഴടക്കിയിരുന്നു. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ചാണ് ഇന്ത്യ എത്തുന്നതെങ്കിൽ ഇന്ത്യക്കെതിരെയ തോൽക്കുകയും ശ്രീലങ്ക. ബംഗ്ലാദേശ് എന്നിവർക്കെതിരെ ജയിക്കുകയും ചെയ്താണ് പാകിസ്താൻ കയറിക്കൂടിയത്.
സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച് പാകിസ്താൻ. 11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യനെ ചെറിയ സ്കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights- Salman Ali Agha Says they are Settled and try to beat India in Finals