പ്രകോപനപരമായ ആംഗ്യം; ഇന്ത്യയുടെ പരാതിയില്‍ പാക് താരങ്ങള്‍ക്കെതിരെ നടപടിയുമായി ഐസിസി

ബിസിസിഐ നല്‍കിയ ഔദ്യോഗിക പരാതിയിന്മേലാണ് ഐസിസി നടപടി സ്വീകരിച്ചത്

പ്രകോപനപരമായ ആംഗ്യം; ഇന്ത്യയുടെ പരാതിയില്‍ പാക് താരങ്ങള്‍ക്കെതിരെ നടപടിയുമായി ഐസിസി
dot image

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പ്രകോപനകരമായ ആംഗ്യങ്ങള്‍ കാണിച്ചതിന് പാക് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫര്‍ഹാനുമെതിരെ നടപടി സ്വീകരിച്ച് ഐസിസി. ബിസിസിഐ നല്‍കിയ ഔദ്യോഗിക പരാതിയിന്മേലാണ് ഐസിസി നടപടി സ്വീകരിച്ചത്. പാക് ക്രിക്കറ്റ് ബോർഡിന്‍റെ പരാതിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെയും ഐസിസി നടപടി സ്വീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 21ന് നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ പ്രകോപനപരമായ ആംഗ്യങ്ങഴും അധിക്ഷേപകരമായ ഭാഷയും പ്രയോഗിച്ചതിനാണ് പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ ഐസിസി നടപടിയെടുത്തത്. വിവാദമായ സംഭവത്തെ തുടര്‍ന്ന് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനമാണ് ഐസിസി പിഴചുമത്തിയത്.

അതേമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഗാലറിക്ക് നേരെ നോക്കി ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നതുപോലെ ആഘോഷിച്ചതിനാണ് പാക് താരം സാഹിബ്‌സാദ ഫര്‍ഹാനെതിരെ ഐസിസി നടപടി സ്വീകരിച്ചത്. താരത്തിന് സാമ്പത്തികമായുള്ള പിഴയില്ലാതെ താക്കീത് മാത്രമാണ് ഐസിസി നല്‍കിയത്.

സെപ്റ്റംബര്‍ 21 നായിരുന്നു ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന് വേണ്ടി സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഫിഫ്റ്റി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിര്‍ക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ ഫര്‍ഹാന്‍ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനിടെ 2022-ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലി റൗഫിന്റെ പന്തില്‍ അടിച്ച വിജയകരമായ സിക്‌സറുകളെ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ആരാധകര്‍ 'കോഹ്ലി, കോഹ്ലി' എന്ന് വിളിച്ചപ്പോള്‍, അതിനെതിരെ ഇന്ത്യന്‍ സൈനിക നടപടിയെ പരിഹസിക്കാന്‍ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് റൗഫ് കാണിച്ചത്. ഇതോടൊപ്പം, തന്റെ ബൗളിംഗ് സ്‌പെല്ലിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനോടും അഭിഷേക് ശര്‍മയോടും റൗഫ് വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ബാറ്റുകൊണ്ടാണ് ഗില്ലും അഭിഷേകും റൗഫിന് മറുപടി നല്‍കിയത്.

Content Highlights: Haris Rauf punished by ICC for aggressive gestures vs India; Sahibzada Farhan not spared either

dot image
To advertise here,contact us
dot image