അഭിഷേകിന് വെടിക്കെട്ട് ഫിഫ്റ്റി, സഞ്ജുവും തിലകും തിളങ്ങി; ലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ അവസാന പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ ലങ്കയ്ക്ക് മുന്നിൽ 203 റൺസ് വിജയലക്ഷ്യമുയർത്തി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 15ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 4 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. താരത്തെ മഹീഷ് തീക്ഷണ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപ്പെടുത്തി. 13 പന്തിൽ 12 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഏഴാം ഓവറിൽ മടങ്ങി.

അർധ സെഞ്ച്വറിയുമായി മുന്നോട്ടുകുതിക്കുകയായിരുന്ന അഭിഷേക് ഒൻപതാം ഓവറിൽ കൂടാരം കയറി. 31 പന്തിൽ 61 റൺസെടുത്ത അഭിഷേകിനെ ചരിത് അസലങ്ക കമിന്ദു മെൻഡിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ട് സിക്സും എട്ട് ബൗണ്ടറികളുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ‌‌‌‌‌

നാലാം വിക്കറ്റില്‍ ക്രീസിൽ ഒരുമിച്ച തിലക് വര്‍മയും സഞ്ജു സാംസണും ഇന്ത്യൻ സ്കോറുയർത്തി. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുചെയ്യാന്‍ അവസരം കിട്ടാതിരുന്ന സഞ്ജു ലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഹാര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 49 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ 21 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

Content Highlights: Asia Cup 2025 Super Four: Abhishek Sharma, Tilak Varma, Sanju Samson Power India To 202

To advertise here,contact us