ഹാരിസ് റൗഫിന്റെ പ്രകോപനപരമായ ആംഗ്യം; വിവാദങ്ങളില്‍ പിന്തുണച്ച് ഭാര്യയുടെ പോസ്റ്റ്

മിനിറ്റുകൾക്കകം ഇത് ഡിലീറ്റ് ചെയ്തെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിനിടെ പാക് താരം ഹാരിസ് റൗഫ് പ്രകോപനപരമായ ആം​ഗ്യം കാണിച്ചത് വലിയ ചർച്ചയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഗാലറിയിൽനിന്ന് ഇന്ത്യൻ ആരാധകർ കോഹ്‌ലി, കോഹ്‌ലി എന്ന് ആർത്തുവിളിച്ചപ്പോൾ ഹാരിസ് റൗഫ് ‘6–0’ എന്ന് ആംഗ്യം കാണിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ആറ് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല.

ഇതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് കൈവിരലുകൾ കൊണ്ട് 6-0 എന്നും ഹാരിസ് റൗഫ് കാണികളെ നോക്കി കാണിച്ചത്. ഹാരിസ് റൗഫിന്റെ ഈ പ്രകോപനപരമായ ആം​ഗ്യം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇപ്പോഴിതാ പാക് താരത്തെ പിന്തുണച്ച് അദ്ദേഹത്തിന്റെ ഭാര്യ പങ്കുവെച്ച പോസ്റ്റും വിവാദമായിരിക്കുകയാണ്.

ഹാരിസ് റൗഫ് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിക്കുന്ന ആം​ഗ്യം കാണിക്കുന്നതിന്റെ ചിത്രങ്ങളാണ് താരത്തിന്റെ ഭാര്യ മുസ്ന മസൂദ് മാലിക് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. 'മത്സരം തോറ്റെങ്കിലും പോരാട്ടം വിജയിച്ചു' എന്നും ഫോട്ടോയ്ക്കൊപ്പം മുസ്ന മസൂദ് കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച് മിനിറ്റുകൾക്കകം ഇത് ഡിലീറ്റ് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും മുസ്‌ന മസൂദ് മാലികിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ 'സ്‌ക്രീന്‍ ഷോട്ടുകള്‍' വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Haris Rauf’s wife shares a heartfelt Instagram story ❤️ Here’s what caught everyone’s attention!” #cricone pic.twitter.com/WsitRXUr3n

2022ലെ ടി-20 ലോകകപ്പിലെ ഇന്ത്യ-പാക് ക്ലാസിക്ക് പോരാട്ടത്തിൽ ഹാരിസ് റൗഫിനെ തുടർച്ചയായി സിക്‌സറടിച്ചുകൊൊണ്ട് വിരാട് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇത് ഓർമിപ്പിക്കാനാണ് വിരാട് കോഹ്ലിയുടെ പേരി ആരാധകർ ആർത്ത് വിളിച്ചത്. ഇന്ത്യൻ ആരാധകർ തുടർച്ചയായി കോഹ്ലി ചാൻറ് ഉയർത്തിയപ്പോൾ ചെവി വട്ടം പിടിച്ച് ഇനിയും വിളിക്കൂ എന്നും റൗഫ് ആംഗ്യം കാട്ടി. പിന്നീട് വിമാനത്തിൻ്റെ ആംഗ്യങ്ങളും അദ്ദേഹം കാട്ടി.

അതേസമയം മത്സരത്തിൽ ആറ് വിക്കറ്റിന് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തുകയാണ് ചെയ്തത്. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്. ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.

Content Highlights: IND vs PAK: Haris Rauf's wife stirs the '6-0' controversy further with Instagram post

To advertise here,contact us