പാകിസ്താന്റെ എകെ 47 ന് ഇന്ത്യയുടെ ബ്രഹ്മോസ് മറുപടി; വിമര്‍ശിച്ച് മുന്‍ പാക് താരം

ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ വിമര്‍ശിച്ച് മുന്‍ പാക് താരം

എഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ വിമര്‍ശിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ. മത്സരത്തില്‍ പാകിസ്ഥാന്‍ എകെ 47 പ്രയോഗിച്ചപ്പോള്‍ ബ്രഹ്മോസ് കൊണ്ടാണ് ഇന്ത്യ മറുപടി നല്‍കിയതെന്നും കനേരിയ പറഞ്ഞു. പാകിസ്താനായി അര്‍ധസെഞ്ചുറി നേടിയ സാഹിബ്സാദ ഫര്‍ഹാന്‍ എകെ 47 കൊണ്ട് അര്‍ധ സെഞ്ച്വറി ആഘോഷിച്ചപ്പോള്‍ ഇന്ത്യൻ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും അവരുടെ സ്വന്തം ബ്രഹ്മോസ് ഉപയോഗിച്ചാണ് ബാറ്റ് കൊണ്ട് മറുപടി നല്‍കിയതെന്നും കനേരിയ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ അർധസെഞ്ച്വറി തികച്ചതിനു പിന്നാലെ പാകിസ്താൻ താരം സാഹിബ്‌സാദ ഫർഹാന്റെ സെലിബ്രേഷൻ സോഷ്യൽ‌ മീഡിയയിൽ‌ ചർച്ചയായിരുന്നു. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ ഫർഹാൻ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്. ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.

Content Highlights: Farhan signalled AK-47, but Gill & Abhishek launched BrahMos ; danish kaneria

To advertise here,contact us