അണ്ടർ 19 ക്രിക്കറ്റിൽ വെടിക്കെട്ട് തുടർന്ന് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. ഓസ്ട്രേലിയക്കെതിരെ വെറും 22 പന്തിൽ നിന്നും ഏഴ് ഫോറും ഒരു സിക്സറുമടക്കം 38 റൺസാണ് വൈഭവ് നേടിയത്.
നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി അടിച്ച് തുടങ്ങിയ വൈഭവ് ഒന്നാം ഓവറിൽ തന്നെ രണ്ട് ഫോറടിച്ചു. മൂന്നാം ഓവർ എറിയാനെത്തിയ ഹെയ്ഡൻ സ്കില്ലറിനെ മൂന്ന് ഫോറോടെയാണ് വൈഭവ് വരവേറ്റത്. അടുത്ത ഓവറിലും ഒരു സിക്സറും രണ്ട് ഫോറുമടിച്ച് വൈഭവ് മിന്നി. ഒടുവിൽ ഹെയ്ഡന്റെ പന്തിൽ ആര്യൻ ശർമക്ക ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
അതേസമയം മത്സരത്തിൽ ഇന്ത്യക്ക് 226 റൺസാണ് വിജയലക്ഷ്യം. ബ്രിസ്ബേനിൽ ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഓസ്ട്രേലിയക്ക് വേണ്ടി മലയാളിയായ ജോൺ ജെയിംസ് മിന്നും പ്രകടനം നടത്തി. 68 പന്തിൽ താരം പുറത്താകാതെ 77 റൺസ് നേടി.
ടോം ഹോഗൻ (41), സ്റ്റീവൻ ഹോഗൻ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹെനിൽ പട്ടേൽ മൂന്നും കിഷൻ കുമാർ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 24 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവൻഷി (22 പന്തിൽ 38), ക്യാപ്റ്റൻ ആയുഷ് മാത്രെ (6), വിഹാൻ മൽഹോത്ര (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വേദാന്ദ് ത്രിവേദി (51), അഭിഗ്യാൻ കുണ്ടു (45) എന്നിവരാണ് ക്രീസിൽ.
Content Highlights- Vaibhav Suryavanshi Fireworks Against AUS u19