ഏഷ്യാ കപ്പില് ഒമാനെതിരായ മത്സരത്തില് സഞ്ജു സാംസണിന്റെ ബാറ്റിംഗ് പ്രകടനത്തെ വാഴ്ത്തി മുന് ഇന്ത്യൻ താരം സുനില് ഗവാസ്കര്. ദുബായിലെ കടുത്ത ഹ്യുമിഡിറ്റി മറികടന്ന് സഞ്ജു നടത്തിയ പ്രകടനം പ്രശംസ അർഹിക്കുന്നുവെന്ന് ഗവാസ്കര് പറഞ്ഞു. ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവുമായെങ്കിലും സഞ്ജുവിന്റെ സ്കോറിങ്ങിലെ മെല്ലെ പോക്കിനെതിരെ വിമര്ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രകടനത്തെ ന്യായീകരിച്ച് ഗവാസ്കര് രംഗത്തെത്തിയത്.
മത്സരത്തില് സഞ്ജു അടിച്ച സ്ട്രൈറ്റ് സിക്സിനെയും ഗവാസ്കര് അഭിനന്ദിച്ചു. പന്തിന്റെ ലെങ്ത്ത് തിരിച്ചറിഞ്ഞ് ക്രീസില് വളരെ വേഗം അഡ്ജസ്റ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ മികവാണ് ആ ഷോട്ടില് വ്യക്തമായത്. ആ ഒരൊറ്റ സിക്സിൽ സഞ്ജുവിന്റെ ക്ലാസ്സ് നമുക്ക് മനസിലാക്കാം, അദ്ദേഹത്തിന് വീണ്ടും അവസരം കൊടുക്കണം, ഗാവസ്കർ കൂട്ടിച്ചേർത്തു.
ഒമാനെതിരെ സഞ്ജു മൂന്നാം നമ്പറിലിറങ്ങി 45 പന്തില് 56 റണ്സെടുത്ത് പുറത്തായിരുന്നു. കടുത്ത ചൂടിൽ ബുദ്ധിമുട്ടുന്ന സഞ്ജുവിനെയും ആരാധകർ കണ്ടിരുന്നു. ഒരു മണിക്കൂറോളം ക്രീസിൽ നിന്ന സഞ്ജു മത്സരതിന് ശേഷം കടുത്ത ചൂട് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു സംസാരിച്ചിരുന്നു.
അതേ സമയം പാക്സിതാനെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ സഞ്ജു ഏത് ബാറ്റിങ് പൊസിഷനിൽ ഇറങ്ങുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content Highlights-sunil Gavaskar on sanju samson perfomance vs oman