അയാൾ സൂര്യയുടെ സ്‌കൂൾ ടീച്ചറൊന്നുമല്ല, പറയുന്നത് കേൾക്കാൻ; പാകിസ്താൻ മാപ്പ് പറയണം; വിമർശിച്ച് അശ്വിൻ

റഫറിയെ ടൂർണമെന്റിൽ നിന്നും വിലക്കണമെന്നായിരുന്നു പാകിസ്താന്റെ വാദം

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് മത്സരത്തിനിടെയുണ്ടായ പ്രശ്‌നത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോട് പാകിസ്താൻ നായകന് കൈകൊടുക്കേണ്ട എന്ന് പറഞ്ഞ് പാകിസ്താൻ ക്രിക്കറ്റ് വിവാദം സൃഷ്ടിച്ചിരുന്നു. റഫറിയെ ടൂർണമെന്റിൽ നിന്നും വിലക്കണമെന്നായിരുന്നു പാകിസ്താന്റെ വാദം. അല്ലെങ്കിൽ ടൂർണമെന്റിൽ നിന്നും പിന്മാറുമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു എങ്കിലും നടപടി ആയില്ല.

എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തെ പാകിസ്താൻ ബലിയാടാക്കിയതാണെന്നും പാകിസ്താൻ മാപ്പ് പറയണമെന്നും പറയുകയാണ് അശ്വിൻ. 'ഇന്ത്യയുമായുള്ള നിങ്ങളുടെ പ്രശ്നം ഹസ്തദാനം ചെയ്യാത്തതാണെങ്കിൽ, യുഎഇയിലെ മത്സരത്തിൽ നിങ്ങൾ എന്തിനാണ് ആ പ്രശ്നത്തിന് ഉത്തരം അന്വേഷിച്ചത്? എന്തുകൊണ്ടാണ് നിങ്ങൾ ആൻഡി പൈക്രോഫ്റ്റിനെ ബലിയാടാക്കുന്നത്? അവൻ ഒരു തെറ്റും ചെയ്തിട്ടില്ല.

അവൻ ഒരു സ്‌കൂൾ ടീച്ചറല്ല, അല്ലെങ്കിൽ ഒരു പ്രിൻസിപ്പിൾ അല്ല. സൂര്യയെ കൊണ്ടുവന്ന് കൊടുക്കെടാ കൈ എന്ന് പറയാൻ അദ്ദേഹത്തിന് സാധിക്കില്ല. അത് അവന്റെ ജോലിയല്ല. എന്താണ് പൈക്രോഫ്റ്റ് ചെയ്ത തെറ്റ്?' അശ്വിൻ പറഞ്ഞു.

പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കൈകൊടുക്കാത്തത് ഇന്ത്യൻ ടീമിന്റെ തീരുമാനമാണെന്നും അശ്വിൻ പറഞ്ഞു. താനാണ് ആൻഡ് പൈക്രോഫ്റ്റ് എങ്കിൽ പാകിസ്താൻ ഇങ്ങോട്ട് മാപ്പ് പറയാൻ ആവശ്യപ്പെട്ടേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- R Ashwin slams Pakistan and Supoorts Andy Pyfcroft

To advertise here,contact us