എഷ്യാ കപ്പിൽ പാകിസ്താനെതിരായ സൂപ്പർ ഫോറിലെ മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്ന് മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇന്ത്യയും പാകിസ്താനും ഇപ്പോൾ പഴയത് പോലെയല്ല. ഇന്ത്യയുടെ ഏഴയലത്ത് പോലും പാകിസ്താൻ എത്തില്ല. പാകിസ്താന്റെ പ്രതാപമെല്ലാം നഷ്ടപ്പെട്ടു. പാകിസ്താൻ സൂപ്പർ ലീഗും ഇന്ത്യൻ പ്രീമിയർ ലീഗും വലിയ അന്തരമുണ്ട്. റാഷിദ് കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പ് സൂപ്പര് ഫോറില് ഇന്ന് വീണ്ടും ഇന്ത്യ- പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുകയാണ്. ദുബായ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന വിവാദത്തിന്റെയും ബഹിഷ്കരണ ഭീഷണിയുടെയും ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ - പാക് മത്സരം കൂടി നേര്ക്കുനേര് വരുന്നത്. ഇതോടെ ആവേശം കൊടുമുടിയിലെത്തും.
പാകിസ്താനാവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോൽവിക്ക് മറുപടിയും പറയണം. തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത ഐസിസിക്കും അവർക്ക് മറുപടി നൽകേണ്ടതുണ്ട്. ഏഷ്യാ കപ്പില് നിന്ന് മാറ്റി നിര്ത്തണമെന്ന് ആവശ്യപ്പെട്ട അതേ ആന്ഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.
അതേ സമയം ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് ആശങ്കയൊന്നുമില്ല. അക്സര് പട്ടേല് പരിക്കില് നിന്ന് മുക്തനായില്ലെങ്കില് ഹര്ഷിത് റാണയ്ക്കോ അര്ഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രിത് ബുമ്രയും വരുണ് ചക്രവര്ത്തിയും തിരിച്ചെത്തും. സഞ്ജു സാംസൺ എവിടെ കളിക്കും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ അത് ആർക്കും പുറത്തെടുക്കാനാവുന്നില്ല. ട്വന്റി 20യില് ഇരുടീമും നേര്ക്കുനേര് വരുന്ന പതിനഞ്ചാമത്തെ മൽസരമാണ് ഇത്. പതിനൊന്നിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
Content Highlights- Pakistan a weak team india will win : Ex-Pak captain