ദില്ലി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ മിഥുൻ മൻഹാസിന്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമാകുകയായിരുന്നു. നിലവിൽ ജമ്മു കശ്മീരിന്റെ ഭാരവാഹിയാണ് മിഥുൻ. ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ലാത്ത മിഥുൻ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
അതേസമയം മുൻ ഇന്ത്യൻ പേസർ ആർപി സിങ് ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി അംഗമാകുമെന്നും വിവരമുണ്ട്. നേരത്തെ ദുലീപ് ട്രോഫിയിൽ നോർത്ത് സോൺ കോർഡിനേറ്ററായും ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ ടീമിന്റെ സപ്പോർട്ട് സ്റ്റാഫായും മിഥുൻ പ്രവർത്തിച്ചിട്ടുണ്ട്. 18 വർഷങ്ങളിലായി 157 ഫസ്റ്റ് ക്ളാസ് മാച്ചുകളിൽ നിന്ന് 9,714 റൺസ് കരസ്ഥമാക്കിയ മിഥുന് ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിച്ചില്ല.
ബി.സി.സി.ഐ പ്രസിഡന്റായിരുന്ന മുൻ ഓൾറൗണ്ടർ റോജർ ബിന്നി സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്. പദവിയിൽ തുടരാനുള്ള പരമാവധി പ്രായമായ 70 പിന്നിട്ടതിന് പിന്നാലെയാണ് ബിന്നി സ്ഥാനം ഒഴിഞ്ഞത്. അതേസമയം, ബോർഡിന്റെ സെക്രട്ടറിയായി ദേവജിത് സാകിയയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് രാജീവ് ശുക്ലയും തുടരുമെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസ് എം.പി കൂടിയായ രാജീവ് ശുക്ല, ഇതിനകം പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കി. ട്രഷറർ സ്ഥാനത്തേക്ക് രഘുറാം ഭട്ടിന്റെ പേര് സജീവ പരിഗണനയിലുണ്ട്.
Content Highlights- Mithun Manhas to be BCCI president