ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ നിർണായക സൂപ്പർ ഫോർ മത്സരത്തിന് മുന്നോടിയായി പാകിസ്താൻ ടീമിന് നിർദേശവുമായി മുന് പാക് ക്യാപ്റ്റന് മിസ്ബാ ഉൾ ഹഖ്. മികച്ച ഫോമിലുള്ള ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാനുള്ള വഴിയാണ് മിസ്ബാ നിർദേശിച്ചിരിക്കുന്നത്. അഭിഷേക് ശർമ നൽകുന്ന വെടിക്കെട്ട് തുടക്കത്തെ കുറിച്ച് വലിയ ആശങ്ക വേണ്ടെന്ന് പറഞ്ഞ മിസ്ബാ വിക്കറ്റെടുക്കാനുള്ള വഴിയും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. മുന് ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്മയുമായി അഭിഷേകിനെ താരതമ്യം ചെയ്തും മിസ്ബാ സംസാരിച്ചു.
'അഭിഷേക് ശര്മ നല്കുന്ന തുടക്കങ്ങള് ഇന്ത്യന് ടീമിനെ വളരെ റിലാക്സാക്കി മാറ്റുന്നുണ്ട്. ഇത് ടീമിലെ മറ്റു ബാറ്റര്മാരുടെ സമ്മര്ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അഭിഷേകിനെ കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം പേസിനെയും സ്പിന്നിനെയും അദ്ദേഹം നന്നായി നേരിടുന്നു എന്നതാണ്. കൂടാതെ ഓഫ് സൈഡിലും ഓൺ സൈഡിലും എല്ലായിടത്തും അദ്ദേഹം കളിക്കുന്നു. എവിടെയും ബൗണ്ടറികൾ അടിക്കാനും അഭിഷേകിന് അനായാസം സാധിക്കും', പിടിവി സ്പോര്ട്സിന്റെ ഷോയില് സംസാരക്കവേ മിസ്ബാ ചൂണ്ടിക്കാട്ടി.
'അഭിഷേക് ശര്മയെ പുറത്താക്കാണമെങ്കിൽ നിങ്ങള് ചാന്സെടുക്കേണ്ടതുണ്ട്. റണ്സെടുക്കാൻ അഭിഷേകിനെ അനുവദിക്കരുത്. അത് നിങ്ങളെ ട്രാപ്പിലാക്കും. അഭിഷേകിന്റെ വിക്കറ്റെടുത്താല് ഇന്ത്യയെ സമ്മര്ദ്ദത്തിലാക്കാന് പാക് ടീമിന് കഴിയും. രോഹിത് ശര്മയെ ഔട്ടാക്കുന്നതു പോലെയായിരിക്കും അത്. ആ തരത്തിലുള്ള സ്വാധീനമാണ് അഭിഷേകും ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ അഭിഷേകിനെ പുറത്താക്കുകയെന്നതു പാകിസ്താന് വളരെ പ്രധാനവുമാണ്', മിസ്ബാ ചൂണ്ടിക്കാട്ടി.
'സൂപ്പര് ഫോര് പോരാട്ടത്തില് അഭിഷേക് ശര്മയെ തുടക്കത്തില് തന്നെ ഔട്ടാക്കണമെങ്കില് പാകിസ്താന് ബൗളര്മാര് നേരെ സ്റ്റമ്പിൽ പന്തെറിയണം. ഗുഡ് ലെങ്ത്തില് അകത്തേക്കു വരുന്ന ബോളുകളെറിയാനാവണം ബൗളര്മാര് ശ്രദ്ധിക്കേണ്ടത്. അഭിഷേകിനെ പുറത്താക്കാന് ഈയൊരു വഴി മാത്രമേയുള്ളൂ' മിസ്ബാ കൂട്ടിച്ചേർത്തു.
Content Highlights: Misbah-ul-Haq Suggests Traps to Pakistan to Stop India's Abhishek Sharma in Asia Cup Super Four Clash