ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ സൂപ്പർ ഫോറിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ പോരാട്ടം. ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തുന്ന ഒരു താരം ശുഭ്മാൻ ഗില്ലാണ്. ഇന്ത്യയുടെ വെെസ് ക്യാപ്റ്റനായ ഗില്ലിനെ ഓപ്പണർ റോളിലാണ് കളിപ്പിക്കുന്നത്. സഞ്ജു സാംസണെ മാറ്റി ഓപ്പണർ റോളിലേക്ക് ഗില്ലിനെ കൊണ്ടുവന്നത് വലിയ പ്രതീക്ഷയോടെയായിരുന്നെങ്കിലും മൂന്ന് മത്സരത്തിലും ഗില്ലിന് പ്രതീക്ഷ കാക്കാനായിട്ടില്ല.
പാകിസ്താനെതിരായ സൂപ്പർ ഫോറിലും ഗിൽ ഫ്ളോപ്പായാൽ താരത്തിന് കാര്യങ്ങൾ പ്രയാസമാവും. എന്നാൽ ഇപ്പോഴിതാ സൂപ്പർ ഫോറിൽ ഫോം കണ്ടെത്താൻ ഗില്ലിന് വഴി നിർദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ ക്രിസ് ശ്രീകാന്ത്. ഗിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ പാകിസ്താനെതിരായ സൂപ്പർ ഫോറിൽ തിളങ്ങാനാവുമെന്നാണ് ശ്രീകാന്ത് പറയുന്നത്.
'ശുഭ്മാൻ ഗിൽ ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗിൽ ഇപ്പോൾ പ്രയാസപ്പെടുന്നതിന് കാരണം ഷോട്ട് തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്. അൽപ്പം നേരത്തെയാണ് അവൻ ഷോട്ട് കളിക്കുന്നത്. അൽപ്പം കൂടി സ്ട്രെയ്റ്റായി ഷോട്ട് കളിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ നിർദേശിക്കുന്നത്, ശ്രീകാന്ത് പറഞ്ഞു. ഫോമിലേക്കെത്തിയ ശേഷം മാത്രം കവർഡ്രെെവുകൾ പോലുള്ള റിസ്കി ഷോട്ടുകൾ കളിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഏഷ്യ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് ശരാശരിയിൽ 35 റൺസാണ് ഗിൽ നേടിയത്.
Content Highlights- 'If Gill pays attention to this, he can shine against Pakistan'; Srikkanth suggests