ഏഷ്യാ കപ്പിൽ ഒമാനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ട്. അക്സർ അടുത്ത മത്സരത്തിന് സജ്ജമാണെന്ന് ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ടി ദിലീപ് സ്ഥിരീകരിച്ചു.
പതിനഞ്ചാം ഓവറിൽ മിഡ് ഓഫിൽ നിന്നിരുന്ന അക്സർ ഇടതുവശത്തേക്ക് ഓടി മിർസയുടെ ക്യാച്ച് കൈക്കലാക്കാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. രണ്ടുതവണ പന്ത് തട്ടി ബാലൻസ് നഷ്ടപ്പെട്ട അക്സറിന്റെ തല മൈതാനത്ത് ഇടിക്കുകയും ചെയ്തു. തുടർന്ന് ഗ്രൗണ്ട് വിട്ട താരം പിന്നീട് മത്സരത്തിൽ തിരിച്ചെത്തിയില്ല.
നേരത്തെ ബാറ്റിങ്ങിൽ അഞ്ചാം നമ്പറിലെത്തിയ താരം 13 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 26 റൺസ് നേടി. ഓരോവർ എറിഞ്ഞ താരം വിക്കറ്റ് ഒന്നും എടുക്കാതെ നാല് റൺസ് വിട്ടുകൊടുത്തു.
അതേ സമയം ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ കലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മിന്നിയത്. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറിൽ 188 റൺസ് നേടിയത്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.
Content Highlights- Will Axar Patel miss the Pakistan match after head blow vs Oman