ഓസ്ട്രേലിയന് വനിതകള്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില് പൊരുതി വീണ് ഇന്ത്യന് വനിതകള്. നിർണായക മത്സരത്തിൽ 43 റൺസിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. സ്മൃതി മന്ദാന റെക്കോര്ഡ് സെഞ്ച്വറിയുമായി കളം വാണിട്ടും കൂറ്റൻ റൺമല താണ്ടി വിജയത്തിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഓസ്ട്രേലിയ ഉയര്ത്തിയ 413 റണ്സെന്ന കൂറ്റന് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 47 ഓവറിൽ 369 റണ്സിലെത്താനേ സാധിച്ചുള്ളു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയന് വനിതകള് 2-1നു സ്വന്തമാക്കി.
ഓപ്പണര് സ്മൃതി മന്ദാനയുടെ അതിവേഗ സെഞ്ച്വറിയും ക്യാപ്റ്റന് ഹര്മന്പ്രീത് കൗര്, ദീപ്തി ശര്മ എന്നിവർ അര്ധ സെഞ്ച്വറിയും നേടിയിരുന്നു. എന്നിട്ടും ഐതിഹാസിക വിജയത്തിലേക്ക് എത്താന് ഇന്ത്യയ്ക്ക് സാധിച്ചില്ല. ഹര്മന്പ്രീത് 35 പന്തില് 8 ബൗണ്ടറികൾ സഹിതം 52 റണ്സ് അടിച്ചെടുത്തു. ദീപ്തി ശര്മ 58 പന്തില് 5 ബൗണ്ടറിയും 2 സിക്സുമടക്കം 72 റണ്സെടുത്തും പൊരുതി. വാലറ്റത്ത് സ്നേഹ് റാണയാണ് പൊരുതിനിന്ന മറ്റൊരാള്. സ്നേഹ് 35 റണ്സെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി കിം ഗാര്ത് മൂന്ന് വിക്കറ്റുകള് വീഴ്ത്തി. മെഗാന് ഷുറ്റ് 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ആഷ്ലി ഗാര്ഡ്നര്, തഹില മഗ്രാത്ത്, ഗ്രെയ്സ് ഹാരിസ്, ജോര്ജിയ വരെം എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.5 ഓവറില് 412 റണ്സില് പുറത്തായി. 75 പന്തില് 23 ഫോറും ഒരു സിക്സും സഹിതം 138 റണ്സ് അടിച്ചെടുത്ത ബെത്ത് മൂണിയുടെ കിടിലന് സെഞ്ച്വറിയാണ് ഓസീസ് വനിതകളെ ഹിമാലയൻ ടോട്ടലിലേക്ക് നയിച്ചത്. 57 പന്തുകളിലാണ് മൂണി സെഞ്ച്വറി തികച്ചത്. 68 പന്തില് 14 ഫോറുകള് സഹിതം 81 റണ്സ് അടിച്ച ഓപ്പണര് ജോര്ജിയ വോള്, 7 ഫോറും 2 സിക്സും സഹിതം 68 റണ്സെടുത്ത എല്ലിസ് പെറി എന്നിവരുടെ അര്ധ സെഞ്ച്വറികളും ടീം സ്കോറില് നിര്ണായകമായി. ക്യാപ്റ്റനും സഹ ഓപ്പണറുമായ അലിസ ഹീലി 18 പന്തില് 7 ഫോറുകള് സഹിതം 30 റണ്സെടുത്ത് ടീമിന് മികച്ച തുടക്കം നല്കി. 24 പന്തില് 39 അടിച്ച് ആഷ്ലി ഗാര്ഡ്നറും ഭേദപ്പെട്ട സംഭാവനകൾ നൽകി.
ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റുകള് വീഴ്ത്തി തിളങ്ങിയിരുന്നു. രേണുക സിങ്, ദീപ്തി ശര്മ എന്നിവര് രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, സ്നേഹ് റാണ എന്നിവര് ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: Smriti Mandhana's fastest century not enough, India's braveheart chase falls short as Australia win