ഇന്ത്യയ്‌ക്കെതിരായ മത്സരം; പ്രസ് മീറ്റ് ഒഴിവാക്കി പാക് ടീം, ആത്മവിശ്വാസം ഉയര്‍ത്താന്‍ മോട്ടിവേഷണല്‍ സ്പീക്കറും

ഇതിനുമുന്‍പ് യുഎഇക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റും പാക് ടീം റദ്ദാക്കിയിരുന്നു

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ഇതിനുമുന്‍പ് യുഎഇക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റും പാക് ടീം റദ്ദാക്കിയിരുന്നു.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മോട്ടിവേഷണല്‍ സ്പീക്കറെയും പാക് ടീം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ. റഹീല്‍ കരീമിനെയാണ് ടീം മാനേജ്‌മെന്റ് ഈ ദൗത്യത്തിന് വേണ്ടി നിയമിച്ചിരിക്കുന്നത്.

🚨 PCB has hired a psychologist for the Pakistan team ahead of the Super 4 stage of the Asia Cup. (Geo News) pic.twitter.com/DvSeVqAFww

അതിനിടെ പാക് ടീമിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തന്നെ എത്തുമെന്ന് റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാകിസ്താന്‍ താരങ്ങളും മുന്‍ താരങ്ങളുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍ മാറ്റാന്‍ ഐസിസി കൂട്ടാക്കിയില്ല. അദ്ദേഹത്തിനെ ടൂര്‍ണമെന്റ് പാനലില്‍ നിന്നും മാറ്റണമെന്നായിരുന്നു പാകിസ്താന്റെ പരാതി.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ നായകനോട് ഇന്ത്യൻ നായകന് ഹസ്തദാനം നൽകരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുമെന്ന് പാകിസ്താൻ അറിയിച്ചു. എന്നാൽ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. ഇതിന് പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കില്ലെന്നാണ് പാകിസ്താൻ വെല്ലുവിളിച്ചിരുന്നു.

ഇപ്പോഴിതാ സൂപ്പർ ഫോറിലും ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറിയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: IND vs PAK: Pakistan cancel press conference, hire motivational speaker ahead of India clash

To advertise here,contact us