ഏഷ്യാ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ന് ഒമാനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. യുഎഇ, പാകിസ്താൻ എന്നീ ടീമുകൾക്കെതിരെ ജയിച്ച് സൂപ്പർ 4 റൗണ്ട് ഉറപ്പാക്കിയ ഇന്ത്യയ്ക്ക് ഒമാനെതിരെയുള്ള മത്സരം സന്നാഹം മാത്രമാകും. പ്രധാന്യം കുറഞ്ഞ മത്സരത്തിന് ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ആരാധകരുടെ ആകാംക്ഷ. മലയാളി താരം സഞ്ജു സാംസണിന് ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകുമോ എന്നതും കണ്ടറിയേണ്ടതാണ്.
ഇപ്പോഴിതാ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഒമാനെതിരായ മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യ ടോപ് ഓർഡറിൽ കളിപ്പിക്കണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. അതിന്റെ കാരണവും ആകാശ് വ്യക്തമാക്കുന്നുണ്ട്. ഒമാനെതിരെ ടോസ് നേടിയാൽ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണമെന്നും യുട്യൂബ് ചാനലിൽ സംസാരിക്കവേ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
'ഇന്ത്യ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ആദ്യ മത്സരത്തിൽ 60ൽ താഴെ റൺസും പാകിസ്താനെതിരേ 130ൽ താഴെ റൺസുമാണ് ഇന്ത്യ പിന്തുടർന്നത്. ആദ്യം ബാറ്റ് ചെയ്താൽ എല്ലാവരും ബാറ്റ് ചെയ്ത് ഫോമിലാകും. ഇപ്പോൾ എല്ലാവർക്കും ഫോമില്ല. അതിന്റെ ചില സൂചനകൾ നമ്മൾ കണ്ടിട്ടുണ്ട്," ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
'തന്നെ വിക്കറ്റ് കീപ്പിങ്ങിന് വേണ്ടി മാത്രമാണോ ഇറക്കുന്നതെന്ന് സഞ്ജു സാംസൺ ഒരുപക്ഷേ അത്ഭുതപ്പെടുന്നുണ്ടാവും. കാരണം തന്റെ മുകളിലുള്ള അഞ്ച് പേർ ബാറ്റ് ചെയ്യുകയും താഴെയുള്ള അഞ്ച് പേർ ബൗൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ മത്സരത്തിൽ സഞ്ജു സാംസണിന് അവസരം ലഭിച്ചില്ലെങ്കിൽ, ഏഷ്യാ കപ്പിൽ മുഴുവൻ അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. അദ്ദേഹത്തിന് ഒരു അവസരം നൽകൂ, സഞ്ജുവിനെ അദ്ദേഹത്തിൻറെ ഫോമിലേക്ക് കൊണ്ടുവരൂ," ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
Content Highlights: "Sanju Samson is wondering whether he is being played only for keeping", Says Aakash Chopra