
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. സെപ്റ്റംബർ 19 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ഒമാൻ പോരാട്ടം. ഗ്രൂപ്പ് എയിൽ യുഎഇയെയും പാകിസ്താനെയും പരാജയപ്പെടുത്തിയ ഇന്ത്യ ഇതിനോടകം തന്നെ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യൻ ക്യാംപിൽ നിന്നുള്ള ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഒമാനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പുകള് നടക്കുന്നതിനിടെ കോച്ച് ഗൗതം ഗംഭീറും സ്റ്റാർ ഓൾറൗണ്ടർ ഹാര്ദിക് പാണ്ഡ്യയും തമ്മില് ചില ഉരസലുകള് ഉണ്ടായെന്നാണ് റിപ്പോര്ട്ടുകള്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ദുബായിലെ പരിശീലന സെഷനിടെയായിരുന്നു നാടകീയ രംഗങ്ങള്. ഇന്ത്യന് ടീമിലെ മറ്റ് കളിക്കാര് നെറ്റ്സിൽ പരിശീലന നടത്തവേ ഇവ നോക്കിനിന്ന കോച്ച് ഗംഭീറിന്റെ അടുത്തേക്ക് ഹാര്ദിക് നടന്നുവരികയായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം നന്നായി തുടങ്ങിയെങ്കിലും പിന്നീട് വഷളാവുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
കോച്ചുമായി ഹാർദിക് അൽപ്പം ദേഷ്യത്തിൽ പ്രതികരിക്കുന്ന തരത്തിലാണ് സംസാരിക്കുന്നത്. അതിനിടെ ഹാര്ദിക് പറഞ്ഞത് കേള്ക്കാതെ ഗംഭീര് മുന്നോട്ടുനടക്കുന്നുണ്ട്. ഇതുകണ്ട ഹാർദിക് ഗംഭീറിന്റെ പിന്നാലെ പോവുകയും കാര്യമായി സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പക്ഷേ എന്തിനെക്കുറിച്ചാണ് ഹാര്ദിക്കും ഗംഭീറും സംസാരിച്ചതെന്ന കാര്യം വ്യക്തമല്ല.
Content Highlights: Gautam Gambhir, Hardik Pandya seen fighting in India nets, Video Goes Viral