'ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ്'; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി പാക് ക്യാപ്റ്റന്‍

സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പർ ഫോർ പോരാട്ടം അരങ്ങേറുന്നത്

വിവാദങ്ങള്‍ക്കിടയില്‍ ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് സൂപ്പര്‍ പോരാട്ടം അരങ്ങേറുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ പരാജയം വഴങ്ങിയിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന സൂചന നല്‍കുകയാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണെന്നാണ് യുഎഇക്കെതിരായ വിജയത്തിന് ശേഷം പാക് ക്യാപ്റ്റന്റെ പ്രതികരണം.

'ഏത് വെല്ലുവിളികളും നേരിടാനും ഞങ്ങള്‍ തയ്യാറാണ്. നല്ല ക്രിക്കറ്റ് കളിക്കണമെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ ഞങ്ങള്‍ ചെയ്യുന്നതുപോലെ മികച്ച പ്രകടനം പുറത്തെടുക്കുന്നത് തുടര്‍ന്നാല്‍, എനിക്ക് തോന്നുന്നത് ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും', ആഗ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുഎഇയെ പാകിസ്താന്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സൂപ്പര്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങിയത്. യുഎഇക്കെതിരായ മത്സരത്തില്‍ പാകിസ്താന്‍ 41 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ സൂപ്പര്‍ ഫോറിലേക്ക് കടക്കുന്ന ടീമായി പാകിസ്താന്‍ മാറി.

Content Highlights: Asia Cup 2025: Salman Ali Agha confident ahead of India vs Pakistan match in Super Four Stage

To advertise here,contact us