ഏറെ നാടകീയതകൾക്കൊടുവിലാണ് ഏഷ്യാ കപ്പിൽ യുഎഇ -പാകിസ്താൻ മത്സരം നടന്നത്. മത്സരത്തിൽ 41 റൺസിന്റെ വിജയം സ്വന്തമാക്കിയ പാകിസ്താൻ സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയപ്പോൾ യുഎഇയുടെ മറുപടി 17. 4 ഓവറിൽ 105 റൺസിൽ അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയോടൊപ്പം സൂപ്പർ ഫോറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ആയി പാകിസ്താൻ മാറി.
ഇപ്പോഴിതാ പാകിസ്താൻ-യുഎഇ മത്സരത്തിനിടയിൽ ഉണ്ടായ മറ്റൊരു സംഭവമാണ് ചർച്ചയാവുന്നത്. മത്സരത്തിനിടെ പാക് താരം എറിഞ്ഞ പന്ത് അബദ്ധത്തിൽ ഓൺഫീൽഡ് അംപയറുടെ തലയിൽ കൊള്ളുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുമുണ്ട്. പരിക്കേറ്റ അംപയർ രുചിര പല്ലിയാഗുരുഗെ പിന്നീട് മത്സരം പാതിവഴിയില് ഉപേക്ഷിച്ച് മൈതാനം വിടുകയും ചെയ്തു.
യുഎഇ ബാറ്റിങ്ങിന്റെ ആറാം ഓവറിലായിരുന്നു സംഭവം. യുവ ഓൾറൗണ്ടർ സയിം അയൂബായിരുന്നു ഓവർ എറിയുന്നത്. അഞ്ചാം പന്ത് എറിഞ്ഞ ശേഷം വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ് ബോളറായ അയൂബിന് പന്ത് എറിഞ്ഞുകൊടുക്കുകയായിരുന്നു.
The ball hit the umpire. pic.twitter.com/xhxrjReokI
ഉന്നം പിഴച്ചെത്തിയ ഈ പന്ത് അയൂബ് കെെയിലൊതുക്കും മുമ്പ് അംപയർ പല്ലിയാഗുരുഗെയുടെ തലയിൽ കൊള്ളുകയായിരുന്നു. പന്തിന്റെ ദിശ ശ്രദ്ധിക്കാത്ത അംപയർ പെട്ടെന്ന് തലകുനിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ദേഹത്ത് കൊള്ളുകയായിരുന്നു. അയൂബും ഹാരിസും മറ്റു പാക് താരങ്ങളും ഉടൻ തന്നെ അംപയറുടെ അടുത്തെത്തി അബദ്ധത്തിന് ക്ഷമ പറയുകയും ഫിസിയോയോട് വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വേദന അസഹനീയമായതിനാൽ അംപയർക്ക് മൈതാനം വിടേണ്ടിവന്നു. ശ്രീലങ്കൻ അംപയറായ പല്ലിയാഗുരുഗെയ്ക്ക് പകരം ബംഗ്ലാദേശുകാരനായ ഗാസി സോഹലാണ് തുടർന്ന് മത്സരം നിയന്ത്രിച്ചത്.
Content Highlights: Asia Cup 2025: Umpire forced to leave field after Pakistan fielder hits him on head, Video Goes Viral