ഏഷ്യാ കപ്പിൽ പാകിസ്താനെ വിടാതെ വിവാദങ്ങൾ. ഹസ്തദാന വിവാദത്തിനും ടൂര്ണമെന്റ് ബഹിഷ്കരണ ഭീഷണി മുഴക്കി നാണംകെട്ടതിനും പിന്നാലെ ജേഴ്സി വിവാദമാണ് പുതിയതായി എത്തിയിട്ടുള്ളത്.
പാക് താരങ്ങള്ക്ക് ടൂര്ണമെന്റിനായി നല്കിയത് വില കുറഞ്ഞ ജേഴ്സികളാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നത്. അതീഖ് ഉസ് സമാനാണ് ഈ വിവാദം ഉയർത്തിവിട്ടത്.
'പാകിസ്ഥാന് കളിക്കാര് നിലവാരം കുറഞ്ഞ കിറ്റുകളില് വിയര്ക്കുക്കുകയാണ്. മറ്റ് ടീമുകളിലെ കളിക്കാന് ശരിയായ ഡ്രൈ-ഫിറ്റ്സ് ധരിക്കുന്നു. പ്രൊഫഷണലുകള്ക്ക് ടെന്ഡര് നല്കാതെ സുഹൃത്തുക്കള്ക്ക് നൽകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. ജേഴ്സിയില് നിന്നു വിയര്പ്പിനേക്കാള് കൂടുതല് അഴിമതി ഇറ്റിറ്റു വീഴുന്നു'- സമാന് എക്സില് പോസ്റ്റ് ചെയ്തു.
പാകിസ്ഥാന് യുഎഇ മത്സരത്തിനു പിന്നാലെയാണ് ആരോപണവുമായി മുന് താരം രംഗത്തെത്തിയത്. മത്സരത്തില് പാകിസ്ഥാന് ജയിച്ചിരുന്നു. ജയത്തോടെ അവര് സൂപ്പര് ഫോറിലേക്ക് മുന്നേറി. സൂപ്പര് ഫോറില് ഒരിക്കല് കൂടി ഇന്ത്യ- പാക് പോരാട്ടത്തിനു കളമൊരുങ്ങുകയും ചെയ്തിട്ടുണ്ട്.
Content Highlights: Amid handshake controversy, Pakistan cricket faces a fresh storm