ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി സയിം അയൂബ്. യുഎഇ ക്കെതിരായ മത്സരത്തിൽ താരത്തിന് രണ്ട് പന്തുകൾ മാത്രമാണ് ക്രീസിൽ നിൽക്കാനായത്. ഇതിന് തൊട്ടുമുമ്പുള്ള ഒമാനെതിരെയും ഇന്ത്യയ്ക്കെതിരെയുമുള്ള മത്സരത്തിൽ താരം ആദ്യ പന്തുകളിൽ തന്നെ പുറത്തായിരുന്നു.
ഇത്തവണ പാകിസ്താന് ഇന്ത്യയ്ക്കെതിരെ തുറുപ്പുചീട്ടായി ഉയര്ത്തിക്കാട്ടിയ യുവതാരമാണ് സയിം അയൂബ്. ഇന്ത്യയുടെ പേസ് കുന്തമുനയായി ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരോവറിലെ ആറ് പന്തിലും സിക്സര് പായിക്കാന് കഴിവുള്ള താരമാണ് സയിം എന്നും പാക് മുന് താരം തന്വീര് അഹമ്മദ് പറഞ്ഞത് വലിയ ചര്ച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ആരാധകര് ട്രോളുകളും പരിഹാസവുമായി എത്തിയിട്ടുണ്ട്.
അതേ സമയം മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ തുടക്കത്തിലെ തകർച്ച നേരിടുകയാണ്. മൂന്ന് ഓവർ പിന്നിടുമ്പോൾ 11 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് പാക് പട. ഇന്ന് ജയിച്ചില്ലെങ്കിൽ പാകിസ്താന് സൂപ്പർ ഫോറിൽ കടക്കാതെ പുറത്താകേണ്ടി വരും.
Content Highlights: Saim Ayub came to hit Bumrah for six sixes; duck for the third consecutive match