2021 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ താരമാണ് റോബിൻ ഉത്തപ്പ. ആ വർഷം സിഎസ്കെ കപ്പുയർത്തിയെങ്കിലും ഉത്തപ്പക്ക് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ലായിരുന്നു. ഇത് തന്നെ സ്ട്രെസ്സിലാക്കിയെന്നും മറികടക്കാനായി പുകവലി ആരംഭിച്ചെന്നും ഉത്തപ്പ പറഞ്ഞു. ആ സീസണിൽ ആകെ നാല് മത്സരത്തിലാണ് ഉത്തപ്പ കളത്തിലിറങ്ങിയത്. 136 സ്ട്രൈക്ക് റേറ്റിൽ 115 റൺസാണ് അദ്ദേഹം ആകെ നേടിയത്.
'2021ൽ ഞാൻ സിഎസ്കെയുടെ ഭാഗമായിരുന്നു എന്നാൽ എനിക്ക് അധികം അവസരമൊന്നും ലഭിച്ചില്ല. ഇത് എനിക്ക് വല്ലാത്ത സ്ട്രെസാണ് ആന്തരികമായി സൃഷ്ടിച്ചത്. വൈകാരികമായി വെല്ലുവിളി നിറഞ്ഞ ഒരു സമയം കൂടിയായിരുന്നു ഇത്. ടീമിന് വേണ്ടി കളിക്കുമ്പോൾ നിങ്ങളുടെ ഊർജം നിങ്ങളുടെ മൂല്യം, ടീമിന് വേണ്ടി നൽകാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിവക്കൊന്നും കോട്ടം തട്ടരുത്.
എന്നാൽ ഞാൻ അന്ന് ഒരുപാട് വേദനയിലായിരുന്നു. ഇതിന് ഒരു കോപ്പിങ് മെക്കാനിസം എന്ന നിലക്ക് ഞാൻ 2021 സീസണിൽ പുകവലിക്കാൻ ആരംഭിച്ചു,' ഉത്തപ്പ പറഞ്ഞു.
കുറച്ച് കാലം കൂടി ഈ പുകവലി ശീലം തുടർന്നുവെന്നും എന്നാൽ 2023ൽ മകൻ വന്ന് എന്തിനാണ് വലിക്കുന്നതെന്നും വലിച്ചാൽ മരിച്ച് പോകുമെന്നും പറഞ്ഞെന്നും ഉത്തപ്പ പറഞ്ഞു. ആ വർഷം അവസാന ദിനമായ ഡിസംബർ 31ന് മകന് സിഗരറ്റിന്റെ കൂടും ലൈറ്ററും നൽകിയെന്നും മകൻ അത് ഡസ്റ്റ് ബിന്നിൽ കളഞ്ഞെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു. അതിന് ശേഷം വലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
Content Highlights- Robin Uthappa Says he Started Smoking During 2021 IPl season with csk