നാടകീയതകൾക്കൊടുവിൽ ടോസ് വീണു; യുഎഇക്കെതിരെ പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യും

യുഎഇക്കെതിരെ പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യും

യുഎഇക്കെതിരെ പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ യുഎഇ പാകിസ്താനെ ബാറ്റിങിനയച്ചു. ജയിക്കുന്നര്‍ ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറിലേക്ക് മുന്നേറുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും. അതുകൊണ്ടു തന്നെ രണ്ടു ടീമുകളെയും സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണായകമാകും.

ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഇടം നേടിക്കഴിഞ്ഞു. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റ് വീതമുള്ള പാകിസ്താനും യുഎഇയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കളിച്ച രണ്ട് മത്സരവും തോറ്റ ഒമാൻ ഇതിനകം പുറത്താവുകയും ചെയ്തു.

ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തിത്തില്‍ പക്ഷപാതപരമായ നിലപാടെടുത്ത മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. പൈക്രോഫ്റ്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ രണ്ട് ഇ മെയിലും ഐസിസി തള്ളിയിരുന്നു. പൈക്രോഫ്റ്റിനെ മാറ്റാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. മത്സരത്തില്‍ കളിക്കാനായി യുഎഇ താരങ്ങള്‍ ആറരയോടെ ദുബായ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലെത്തിയെങ്കിലും പാക് താരങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറപ്പെടാതിരുന്നതാണ് മത്സരം അനിശ്ചിതത്വത്തിലാക്കിയത്.

പിന്നീട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വിയുടെ ഇടപെടലിലാണ് പാകിസ്ഥാന്‍ കളിക്കാന്‍ തയാറായത്. മത്സരം നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്. ഇന്ത്യൻ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരം ഒമ്പത് മണിക്കാണ് ആരംഭിക്കുന്നത്

Content Highlights: 

To advertise here,contact us