സിപിഎൽ 2025 ലെ എലിമിനേറ്ററിൽ ആന്റിഗ്വ ആൻഡ് ബാർബുഡ ഫാൽക്കൺസിനെ പരാജയപ്പെടുത്തി ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ക്വാളിഫയർ 2 ലേക്ക് യോഗ്യത നേടി. ഒമ്പത് വിക്കറ്റിനാണ് ട്രിൻബാഗോയുടെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത ആന്റിഗ്വ ആൻഡ് ബാർഡബോഡോസ് ഫാൽക്കോൺസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. മറുപടി ബാറ്റ് വീശിയ നൈറ്റ് റൈഡേഴ്സ് വെറും 1 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. 90 റൺസ് നേടിയ ക്യാപ്റ്റൻ നിക്കോളസ് പൂരനും 54 റൺസ് നേടിയ അലക്സ് ഹെയ്ൽസുമാണ് ട്രിൻബാഗോക്ക് അനായാസ വിജയം നൽകിയത്.
വെടിക്കെട്ട് ഇന്നിങ്സിനിടെ രണ്ട് തവണയാണ് പൂരനെതിരെ അമ്പയർമാർ ഔട്ട് വിളിച്ചത്. രണ്ട് തവണയും പൂരനെതിരെ വന്ന എൽബിഡബ്ല്യു അപ്പീൽ അമ്പയർമാർ ഔട്ട് വിളിക്കുകയായിരുന്നു. ഇതിനെതിരെ അദ്ദേഹം അമ്പയർമാർക്കെതിരെ കയർത്തിരുന്നു. ഒബെദ് മക്കോയി എറിഞ്ഞ മത്സരത്തിന്റെ ഏഴാം ഓവറിലും റഹ്കീം കോൺവാൾ എറിഞ്ഞ 12ാം ഓവറിലുമായിരുന്നു പൂരനെതിരെ അമ്പയർമാർ ഔട്ട് വിളിച്ചത്. എന്നാൽ രണ്ടിനും റിവ്യു നൽകുകയും രണ്ടും ഔട്ട് അല്ലെന്നും കണ്ടെത്തി.
രണ്ട് തവണ ഔട്ട് വിളിച്ചെങ്കിലും പൂരൻ അദ്ദേഹത്തിന്റെ വെടിക്കെട്ട് തുടരുകയായിരുന്നു. 53 പന്തിൽ നിന്നും എട്ട് സിക്സറും മൂന്ന് ഫോറുമടിച്ചാണ് അദ്ദേഹം 90 റൺസ് സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം അമ്പയർമാരോട് ക്ഷമയും ചോദിക്കാൻ പൂരൻ മറന്നില്ല.
മറുവശത്ത് 40 പന്തിൽ നിന്നും മൂന്ന് ഫോറും അത്രയും തന്നെ സിക്സറുമടിച്ചാണ് അലക്സ് ഹെയ്ൽസ് 54 റൺസ് അടിച്ചത്. കോളിൻ മുൻറോ 14 റൺസുമായി മടങ്ങി. നേരത്തെ ബാർബുഡ ഫാൽക്കൺസിന് വേണ്ടി ആമിർ ജാൻഗൂ 55 റൺസും ആൻഡ്രീ ഗൗസ് 61 റൺസും നേടി.
അവസാന ഓവറുകളിൽ തകർത്തടിച്ച് 9 പന്തിൽ 26 റൺസ് നേടിയ ഷാക്കിബ് അൽ ഹസനാണ് ബാർബുഡ ഫാൽക്കൺസിനെ 150 കടത്തിയത്. ബാക്കിയാർക്കും തിളങ്ങാൻ സാധിച്ചില്ല. മത്സരത്തിൽ ജയിച്ചതോടെ ട്രിൻബാഗോ രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ചിരിക്കുകയാണ്.
Content Highlights: Nicholas Pooran Great Batting in CPL