ചാംപ്യന്മാരായാല്‍ നഖ്‌വിയുടെ കൈയില്‍ നിന്ന് കപ്പ് വാങ്ങില്ല? കടുത്ത നീക്കത്തിന് ഇന്ത്യ

ഹസ്തദാനം ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അടുത്ത നീക്കം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ എല്‍ ക്ലാസികോ പോരാട്ടത്തിനുപിന്നാലെ ഹസ്തദാന വിവാദം ചൂടുപിടിക്കുകയാണ്. മത്സരത്തിന് ശേഷം പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ കളിക്കാര്‍ ഷേക്ക് ഹാന്‍ഡ് നല്‍കാത്തത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനേക്കാള്‍ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്. ടോസ് സമയത്തും സൂര്യകുമാര്‍ യാദവ് പാകിസ്താന്‍ ക്യാപ്റ്റന് ഷേക്ക് ഹാന്‍ഡ് നല്‍കിയിരുന്നില്ല.

ഇപ്പോഴിതാ ഹസ്തദാനത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കേ ഇന്ത്യ അടുത്ത നീക്കത്തിനൊരുങ്ങുകയാണ്. ഏഷ്യാ കപ്പില്‍ കിരീടം നേടുകയാണെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്‌വിയുടെ കൈയില്‍ നിന്ന് ഇന്ത്യ കിരീടം സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 28നാണ് ഏഷ്യാ കപ്പില്‍ കലാശപ്പോര് നടക്കുക. ഇനിയുള്ള മത്സരങ്ങളിലും പ്രത്യേകിച്ചും സെപ്റ്റംബര്‍ 28ന് ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടിയാല്‍, 'ഹസ്തദാനം വേണ്ട' എന്ന നിലപാടായിരിക്കും ഇന്ത്യന്‍ ടീം സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടൂര്‍ണമെന്റിന്റെ നിയമമനുസരിച്ച് ഫൈനലില്‍ വിജയിക്കുന്ന ടീമിന് എസിസി പ്രസിഡന്റാണ് ട്രോഫി സമ്മാനിക്കുക. നിലവില്‍ എസിസി പ്രസിഡന്റ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മൊഹ്സിന്‍ നഖ്വിയാണ്. ഏഷ്യാ കപ്പ് ഒരു ഐസിസി ടൂര്‍ണമെന്റല്ല, മറിച്ച് എസിസിയാണ് ഇത് നിയന്ത്രിക്കുന്നത്.

ഹസ്തദാനം ഒഴിവാക്കിയ സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അടുത്ത നീക്കം. ഇന്ത്യയ്‌ക്കെതിരെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് പാകിസ്താന്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റിന്റെ പാനലില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ-പാക് മത്സരത്തിലെ ടോസ് സമയത്ത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.

Content Highlights: Asia Cup 2025: Suryakumar Yadav won’t accept trophy from Pakistan Cricket Board Chief Mohsin Naqvi if India wins, says report

To advertise here,contact us