ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന. ചൊവ്വാഴ്ച്ച പുറത്തുവിട്ട റാങ്കിങ്ങിലാണ് മന്ദാന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് മന്ദാന ഒന്നാം സ്ഥാനത്തെത്തിയത്.
മുള്ളൻപൂരിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് മന്ദാന 63 പന്തിൽ 58 റൺസ് നേടിയത്. പക്ഷേ മത്സരത്തിൽ ഓസ്ട്രേലിയ അനായസം വിജയിച്ചിരുന്നു.ഈ അർധസെഞ്ച്വറി മന്ദാനയ്ക്ക് ഏഴ് റേറ്റിങ് പോയിന്റുകൾ നേടാനും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവർ ബ്രണ്ടിനെക്കാൾ നാല് പോയിന്റുകൾ മുന്നിലെത്താനും സഹായിച്ചു. ബ്രണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിലവിൽ മന്ദാനക്ക് 735 റേറ്റിങ് പോയിന്റും ബ്രണ്ടിന് 731 റേറ്റിങ് പോയിന്റുമാണുള്ളത്. സെപ്റ്റംബർ അവസാനം ആരംഭിക്കുന്ന വനിതാ ലോകകപ്പിന് മുമ്പ് ഒന്നാം സ്ഥാനത്തെത്തിയത് താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. 2019ലാണ് ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്തെുന്നത്.
അതേസമയം ഓസീസിനെതിരെയുള്ള ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് കണ്ടെത്തി. മൂന്ന് മുൻനിര ബാറ്റർമാരുടെ അർധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
96 പന്തിൽ 6 ഫോറുകൾ സഹിതം പ്രതിക റാവൽ 64 റൺസെടുത്തു. സ്മൃതി മന്ദാന 6 ഫോറും 2 സിക്സും സഹിത 63 പന്തൽ 58 റൺസ് കണ്ടത്തി. ഹർലീൻ ഡിയോളാണ് അർധ സെഞ്ച്വറിയടിച്ച മൂന്നാം താരം. ഹർലീൻ 57 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 54 റൺസടിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണർ ഫീബി ലിച്ച്ഫീൽഡ് (88) മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെ ബെത് മൂണി (77 നോട്ടൗട്ട്), അന്നബെൽ സതർലൻഡ് (54 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചറികൾ ഓസീസിന് അനായാസ ജയം സമ്മാനിച്ചു. പരമ്പരയിലെ രണ്ടാം മത്സരം 17ന് നടക്കും.
Content Highlights- Smirthi mandhan Claimed Her No 1 spot in ICC ODi batter Rankings