മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ് ഉപദേശവുമായി ഇന്ത്യന് മുന് താരം റോബിന് ഉത്തപ്പ. ഏഷ്യാ കപ്പ് ടൂര്ണമെന്റില് ബാറ്റിങ്ങിന് അവസരമില്ലാതെ തുടര്ച്ചയായി രണ്ട് മത്സരങ്ങളില് സഞ്ജുവിന് പുറത്തിരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഉത്തപ്പയുടെ പ്രതികരണം. ഇന്ത്യന് ടീമില് ദീര്ഘകാലം തുടരണമെങ്കില് സഞ്ജു തീര്ച്ചയായും ചില മാറ്റങ്ങള് വരുത്തിയേ തീരൂവെന്നാണ് ഉത്തപ്പ പറയുന്നത്.
ഇന്ത്യന് ടി20 ടീമിലെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഇപ്പോള് കൂടിയ സാഹചര്യത്തില് സഞ്ജു സാംസണ് ഫിനിഷിങില് കൂടുതല് ശ്രദ്ധിച്ചെങ്കില് മാത്രമേ കാര്യമുള്ളൂവെന്നാണ് റോബിന് ഉത്തപ്പ ചൂണ്ടിക്കാണിക്കുന്നത്.
'ഇന്ത്യന് ടീമിന്റെ ഇപ്പോഴത്തെ പ്രവര്ത്തന രീതി വിലയിരുത്തുമ്പോള് ആര്ക്കും കൃത്യമായ ബാറ്റിങ് ഓര്ഡര് ഇല്ലെന്നാണ് തോന്നുന്നത്. പൂര്ണമായും ഇടംകൈ- വലംകൈ കോമ്പിനേഷനുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബാറ്റിങ് സമീപനം. മധ്യ ഓവറുകളില് സ്പിന്നിനെതിരേ സഞ്ജു സാംസണും ശിവം ദുബെയും പുലര്ത്തുന്ന ആധിപത്യം നോക്കുമ്പോള് ഹാര്ദിക് പാണ്ഡ്യയ്ക്കൊപ്പം അക്ഷര് പട്ടേല് ഇപ്പോള് ഫിനിഷര് റോളിലേക്ക് മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ കാര്യത്തിലേക്കു വന്നാല് ദീര്ഘകാലം ടീമില് തുടരാന് ആഗ്രഹിക്കുന്നുണ്ടെങ്കില് ഫിനിഷര് റോളിലേക്കും മാറേണ്ടതായി വരും', ഉത്തപ്പ പറഞ്ഞു.
'നിലവില് ജിതേഷ് ശര്മയുമായിട്ടാണ് സഞ്ജുവിന്റെ മത്സരം. ജിതേഷ് ക്ലാസ്സായി ഫിനിഷ് ചെയ്യാന് സാധിക്കുന്നയാളാണ്. അദ്ദേഹം ഒരുപാട് ബോളുകള്ക്കെതിരേ ആഞ്ഞുവീശാറുണ്ടെന്നതു ശരിയാണ്. പക്ഷെ ചില അസാധാരണ പ്രകടനങ്ങള് കാഴ്ചവെക്കാന് അദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടു തന്നെ കരിയറില് കൂടുതല് പരിഗണന ടീം മാനേജ്മെന്റില് നിന്നും ലഭിക്കണമെങ്കില് സഞ്ജു ഫിനിഷിങ്ങില് ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയും ഇനി ഇന്നിങ്സ് ഫിനിഷ് ചെയ്യുന്നതിലും ഡെത്ത് ഓവര് ബാറ്റിങിലുമായിരിക്കണമെന്നും ഉത്തപ്പ ആവശ്യപ്പെടുന്നു', ഉത്തപ്പ കൂട്ടിച്ചേര്ത്തു.
Content Highlights: "Sanju Samson has to switch into the finisher role", Says Robin Uthappa