ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാത്തത് പാകിസ്താൻ ക്രിക്കറ്റിനെ ചൊടിപ്പിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ തീരുമാനം.
ഇതിനിടെ ഇന്ത്യ ഈ ചെയ്തത് ശരിയായില്ലെന്നും മത്സരം പാകിസ്താൻ തോറ്റെങ്കിലും ഇന്ത്യയാണ് ശരിക്കും തോറ്റതെന്നുമടക്കമുള്ള കാര്യം റിക്കി പോണ്ടിങ് പറഞ്ഞെന്ന തരത്തിൽ വ്യാജ വാർത്തകൾ വന്നിരുന്നു. ഇന്ത്യയെ ഒരു തോൽവികളായിട്ടായിരിക്കും ഈ മത്സരത്തിലൂടെ ചരിത്രം ഓർക്കുക എന്നും റിക്കി പോണ്ടിങ് പറഞ്ഞു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
എന്നാൽ ഇതിന് ശക്തമായി പ്രതികരിച്ച് റിക്കി പോണ്ടിങ് രംഗത്തെത്തി. 'എന്റെ പേരിൽ ചില കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദയവ് ചെയ്ത് മനസിലാക്കുക ഒരു തരത്തിലും ഞാൻ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഏഷ്യാ കപ്പിനെ കുറിച്ച് പോലും ഞാൻ സംസാരിച്ചിട്ടില്ല,' റിക്കി പോണ്ടിങ് എക്സിൽ കുറിച്ചു.
I am aware of certain comments being attributed to me on social media. Please know that I categorically did not make those statements and indeed have made no public comment about the Asia Cup at all.
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനായിരുന്നു വിജയിച്ചത്. വിജയത്തിന് ശേഷം പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാൻ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണ് മറ്റ് ചില കാര്യങ്ങളെന്നായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ടൂർണമെന്റ് പാനലിൽ നിന്നും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഐസിസി ഇത് നിഷേധിച്ചു. യുഎഇക്കെതിരെയുള്ള മത്സരം പാകിസ്താൻ ബോയ്ക്കോട്ട് ചെയ്യുമെന്നും പിസിബി പ്ര്യാഖിച്ചിട്ടുണ്ട്.
Content Highglights: Ricky Ponting Reacts To Fake News Regarding his name