ഏഷ്യാ കപ്പില് യുഎഇക്കെതിരെ നാളെ നടക്കാനിരിക്കുന്ന നിര്ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി പാകിസ്താൻ. റദ്ദാക്കാനുള്ള കാരണം പാക് ക്രിക്കറ്റ് ബോര്ഡ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുമായുള്ള മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ആന്ഡി പൈക്രോഫ്റ്റിനെ മാച്ച് ഒഫീഷ്യല്സ് പാനലില് നിന്ന് നീക്കം ചെയ്യണമെന്ന പിസിബിയുടെ ആവശ്യം ഐസിസി ഔദ്യോഗികമായി നിരസിച്ചിരുന്നു. ടൂര്ണമെന്റ് പാനലില് നിന്നും മാച്ച് റഫറി ആന്ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില് ഏഷ്യാ കപ്പില് ശേഷിക്കുന്ന മത്സരങ്ങളില് നിന്ന് പിന്മാറുമെന്ന് പിസിബി ചെയര്മാന് മൊഹ്സിന് നഖ്വി മുന്നറിയിപ്പ് നല്കിയിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താന് നായകന് ഹസ്തദാനം നല്കരുതെന്ന് ഇന്ത്യന് ക്യാപ്റ്റനോട് മാച്ച് റഫറി ആന്ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു. അതുപ്രകാരമാണ് സൂര്യകുമാര് യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടര്ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കില് ഏഷ്യാ കപ്പില് നിന്നും പിന്മാറുമെന്നും അറിയിച്ചു.
എന്നാല് റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില് കളിക്കില്ലെന്ന് പാകിസ്ഥാന് വെല്ലുവിളിക്കുകയും ചെയ്തു. എന്നാല് ഏഷ്യ കപ്പ് ബഹിഷ്കരിച്ചാല് ഗുരുതര പ്രത്യാഘാതങ്ങള് നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു. വന് അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില് നിന്ന് പിസിബി പിന്മാറുകയായിരുന്നു.
Content Highlights: Pakistan cancel press conference ahead of must-win UAE clash