'ഈ പാകിസ്താന്‍ ടീമിനെ തോല്‍പ്പിക്കാന്‍ IPL ടീമുകള്‍ തന്നെ ധാരാളമാണ്'; പരിഹസിച്ച് ഇര്‍ഫാന്‍ പത്താന്‍

ഇപ്പോഴത്തെ പാക് ടീം ഇന്ത്യയുടെ സീനിയർ ടീമിന് ഒരു എതിരാളിയേ അല്ലെന്നാണ് ഇർഫാൻ പത്താന്‍റെ അഭിപ്രായം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർ‌ണമെന്റിൽ ഇന്ത്യയ്ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സെപ്റ്റംബര്‍ 14ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. പാകിസ്താനെ വെറും 127 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 15.5 ഓവറില്‍ വിജയത്തിലെത്തി. മത്സരത്തിലെ എല്ലാ മേഖലയിലും പാകിസ്താനെ പൂര്‍ണമായും പിന്നിലാക്കിയ ഇന്ത്യ ഏകപക്ഷീയ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇർഫാൻ മത്സരത്തെ കുറിച്ച് സംസാരിച്ചത്. ഇപ്പോഴത്തെ പാക് ടീം ഇന്ത്യയുടെ സീനിയർ ടീമിന് ഒരു എതിരാളിയേ അല്ലെന്നാണ് ഇർഫാൻ പത്താന്‍റെ അഭിപ്രായം. പാക് ടീമിനെ പരാജയപ്പെടുത്താൻ ഇന്ത്യയുടെ ആഭ്യന്തര ടീമുകളായ മുംബൈയ്ക്കോ പഞ്ചാബിനോ അല്ലെങ്കിൽ ഐപിഎല്‍ ടീമുകൾക്കുപോലും സാധിക്കുമെന്നും പത്താന്‍ അഭിപ്രായപ്പെട്ടു.

‘ഇന്ത്യയിലെ ഏത് ആഭ്യന്തര ടീമുകള്‍ക്ക് പാകിസ്താനെ തോല്‍പ്പിക്കാനാവുമെന്ന് നിങ്ങള്‍ ചോദിച്ചാല്‍, തീര്‍ച്ചയായും മുംബൈയ്ക്ക് തോല്‍പിക്കാനാവും, പഞ്ചാബിന് തോല്‍പിക്കാനാവും. ഇനി ഐപിഎല്‍ ടീമുകളുടെ കാര്യമെടുത്താലും ഒരുപാട് ടീമുകള്‍ക്കും ഇപ്പോഴത്തെ പാക് ടീമിനെ അനായാസം തോല്‍പ്പിക്കാനാവും‘, പത്താന്‍ പറഞ്ഞു.

Content Highlights: ‘Mumbai, Punjab & a lot of IPL teams can beat Pakistan’, Says Irfan Pathan

To advertise here,contact us