'സത്യമാണോ ഈ പറയുന്നത്?'; ബംഗ്ലാദേശ് ഏഷ്യാ കപ്പ് ജയിച്ചിട്ടുണ്ടെന്ന് ട്രോട്ട്;പിന്നാലെ ഗൂഗിളിൽ തിരയൽ

അഫ്ഗാന്‍ കോച്ചും ഇംഗ്ലണ്ടിന്റെ മുന്‍താരവുമായ ജൊനാഥന്‍ ട്രോട്ടിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടുകയാണ്. അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ടോസ്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാന്‍ കോച്ചും ഇംഗ്ലണ്ടിന്റെ മുന്‍താരവുമായ ജൊനാഥന്‍ ട്രോട്ടിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്.

അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ബംഗ്ലാദേശിന് സമ്മര്‍ദ്ദമുണ്ടാകുമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രോട്ട്. രസകരമായ ഒരു ട്വിസ്‌റ്റോടെയായിരുന്നു ട്രോട്ടിന്റെ മറുപടി. 'അതെ, ബംഗ്ലാദേശ് സമ്മര്‍ദ്ദത്തിലാവുമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ചരിത്രം പരിശോധിച്ചാല്‍ ബംഗ്ലാദേശ് കുറച്ചുതവണ ഏഷ്യാ കപ്പ് വിജയിച്ചിട്ടുണ്ടല്ലോ' എന്നായിരുന്നു ട്രോട്ടിന്റെ മറുപടി.

എന്നാല്‍ ബംഗ്ലാദേശ് ഏഷ്യാ കപ്പ് ജേതാക്കളായിട്ടില്ലെന്ന വസ്തുത ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉടന്‍ തന്നെ ട്രോട്ടിനോട് പറഞ്ഞു. നിങ്ങള്‍ക്ക് ഉറപ്പുണ്ടോയെന്ന് ട്രോട്ട് തിരിച്ചുചോദിക്കുകയും ചെയ്തു. അതിനിടയില്‍ അഫ്ഗാന്റെ മീഡിയ മാനേജരും ട്രോട്ടിന്റെ മറുപടയില്‍ ഇടപെടുകയുണ്ടായി.

തുടക്കത്തില്‍ സമ്മതിക്കാന്‍ മടിച്ച ട്രോട്ട് ബംഗ്ലാദേശ് 50 ഓവര്‍ ഏഷ്യാ കപ്പ് വിജയിച്ചെന്നാണ് താന്‍ കരുതിയെന്ന് പറഞ്ഞു. പിന്നാലെ ഒരു പുഞ്ചിരിയോടെ ഫോണ്‍ എടുത്ത് ഗൂഗിളില്‍ തിരയുകയും ചെയ്തു. 'അവര്‍ ചാംപ്യന്മാരാണെന്ന് ഞാന്‍ ശരിക്കും കരുതി', എന്ന് പറഞ്ഞ ട്രോട്ട് സമ്മതിക്കുകയും ചെയ്തു.

Content Highlights: Jonathan Trott calls Bangladesh Asia Cup winners in funny goof-up, googles to confirm, Video

To advertise here,contact us