ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്. ഒക്ടോബർ 2 മുതൽ 14 വരെ അഹമ്മദാബാദിലും ഡൽഹിയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. 2018-ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ ടെസ്റ്റ് പര്യടനം നടത്തുന്നത്.
പുതിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ആദ്യത്തെ വിദേശ പരമ്പര കൂടിയാണ്. ടീമിന്റെ ദീർഘകാല വികസനവും മത്സരബുദ്ധിയും കണക്കിലെടുത്താണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് പരിശീലകൻ ഡാരൻ സമി പറഞ്ഞു. ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുന്നതിനായി ടാഗെനാരിൻ ചന്ദർപോൾ, അലിക് അതനാസെ എന്നിവർ ടീമിൽ തിരിച്ചെത്തി. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇടംകൈയ്യ സ്പിന്നർ ഖാരി പിയറിക്ക് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി.
റോസ്റ്റൺ ചേസ് നയിക്കുന്ന ടീമിന്റെ ഉപനായകൻ ജോമൽ വാറിക്കനാണ്. അൽസാരി ജോസഫ്, ഷമാർ ജോസഫ്, ജെയ്ഡൻ സീൽസ് എന്നിവർ പേസ് ബൗളിങ് നിരയിൽ അണിനിരക്കും.. വാറിക്കനും പിയറിയും സ്പിൻ ബൗളിങ് കൈകാര്യം ചെയ്യും. ലെജൻഡറി താരമായ ശിവനരൈൻ ചന്ദർപോളിന്റെ മകനായ ടാഗെനാരിൻ ചന്ദർപോളിന്റെ സാന്നിധ്യം ടീമിന്റെ ബാറ്റിങ് നിരക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.
മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ മുതിർന്ന താരം ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയ പ്രമുഖരിൽ ഒരാളാണ്.
ടീം
റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജോമെൽ വാറിക്കൻ (വൈസ്-ക്യാപ്റ്റൻ), കെവ്ലോൺ ആൻഡേഴ്സൺ, അലിക് അതനാസെ , ജോൺ കാംബെൽ, ടാഗെനാരിൻ ചന്ദർപോൾ, ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്പ്, ടെവിൻ ഇംലാച്ച്, അൽസാരി ജോസഫ്, ഷമാർ ജോസഫ്, ബ്രാൻഡൻ കിംഗ്, ആൻഡേഴ്സൺ ഫിലിപ്പ്, ഖാരി പിയറി, ജെയ്ഡൻ സീൽസ്
Content Highlights: India vs West Indies Tests: Full Windies squad announced