റഫറിയെ പുറത്താക്കിയില്ലെങ്കില്‍ പിന്മാറുമെന്ന വെല്ലുവിളി; PCBക്ക് മുന്നില്‍ ICC വഴങ്ങില്ലെന്ന് റിപ്പോര്‍ട്ട്

മാച്ച് റഫറിയെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

ഇന്ത്യയുമായുള്ള ഏഷ്യാ കപ്പ് മത്സരത്തിലെ മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റിന്റെ പാനലില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തില്‍ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവ വികാസങ്ങള്‍. ഇന്നലെ ടോസ് സമയത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പതിവ് ഹസ്തദാനം ഒഴിവാക്കിയിരുന്നു.

ടോസ് സമയത്ത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.

ഇപ്പോഴിതാ പാകിസ്താന്റെ ആവശ്യം ഐസിസി തള്ളുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൈകൊടുക്കല്‍ വിവാദങ്ങളില്‍ മാച്ച് റഫറിക്ക് പങ്കില്ലെന്നാണ് ഐസിസിയുടെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇത്തരം ആവശ്യങ്ങള്‍ സാധാരണയായി പരിഗണിക്കപ്പെടാറില്ലെന്നും തങ്ങളുടെ ഉദ്യോഗസ്ഥന് ഐസിസി പിന്തുണ നല്‍കുമെന്നും സൂചനകളുണ്ട്.

Content Highlights: ICC to shut door on PCB’s Andy Pycroft plea amid Pakistan's Asia Cup boycott threat

To advertise here,contact us