ഇന്ത്യക്കൊപ്പം ഇനി അപ്പോളോ ടയേഴ്‌സ്; ഒരു മത്സരത്തിൽ മുടക്കുക കോടികൾ!

ഈ കാലയളവിൽ ഏകദേശം 130 മത്സരങ്ങൾ ഉൾപ്പെടും

ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർഷിപ്പ് അവകാശം അപ്പോളോ ടയേഴ്സ് സ്വന്തമാക്കി. ഡ്രീം ഇലവനുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് ബിസിസിഐ അപ്പോളോയുമായി കരാറിലെത്തുന്നത്. ഒരു മത്സരത്തിന് നാലരക്കോടി രൂപയ്ക്കാണ് ജേഴ്സി അവകാശം അപ്പോളോ ടയേഴ്സ് സ്വന്തമാക്കിയത്.

നാലുകോടി രൂപക്കായിരുന്നു ഡ്രീം ഇലവൻ ഒരുമത്സരത്തിന് നൽകിയിരുന്നത്. 2027 വരെയാണ് അപ്പോളോയുടെ സ്പോണസർഷിപ്പ് കാലാവധി. ഈ കാലയളവിൽ ഏകദേശം 130 മത്സരങ്ങൾ ഉൾപ്പെടും.

സമീപകാല ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള സ്‌പോൺസർഷിപ്പ് കരാറുകളിലൊന്നാണ് അപ്പോളോയുമായുള്ളത്. മൂന്ന് വർഷത്തെ കരാറിന് 579 കോടി രൂപ വിലയുണ്ടെന്നാണ് വിവരം. ഡ്രീം 11 യുമായി 358 കോടിയുടെ കരാറായിരുന്നു ബിസിസിഐക്കുണ്ടായിരുന്നത്.

നിലവിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ജേഴ്‌സി സ്‌പോൺസർമാരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കാൻവ, ജെകെ ടയർ എന്നീ കമ്പനികളും ലേലത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ഓൺലൈൻ മണി ഗെയിമിങ് നിരോധന നിയമം നടപ്പിലാക്കിയതിന് ശേഷമാണ് ബിസിസിഐ കരാർ റദ്ദാക്കിയത്. ഇതോടെ പുതിയ ജേഴ്‌സി സ്‌പോൺസർമാരെ തേടുകയായിരുന്നു ബോർഡ്. 2023 ൽ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവൻ മൂന്നു വർഷത്തേക്ക് ബിസിസിഐയുമായി കരാറിലെത്തിയത്.

Content Highlights- Appolo Tyres to be sponsors of Indian cricket team

To advertise here,contact us