ഏറെ ഹൈപ്പിലെത്തിയ ഇന്ത്യ പാകിസ്താൻ മത്സരം ഇന്ത്യ അനായാസം വിജയിച്ചിരുന്നു. മത്സരത്തിന് ശേഷം ഇരു ടീമിലെയും കളിക്കാർ എന്നും ചെയ്യാറുള്ളത് പോലെ ഷേക്ക് ഹാൻഡ് ചെയ്യുവാൻ ഇന്ത്യൻ താരങ്ങൾ കൂട്ടാക്കിയില്ല. പാകിസ്താൻ താരങ്ങൾ ബൗണ്ടറി ലൈനിൽ നിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റനും താരങ്ങളും കൈകൊടുത്തില്ല. മത്സരം വിജയിച്ചതിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവും ശിവം ദുബെയും നേരെ ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്നു.
മത്സര ശേഷം ഇത് സ്പോർട്സ്മാൻ സ്പിരിറ്റിന് ചേർന്ന കാര്യമാണോ എന്ന് ക്യാപ്റ്റൻ സൂര്യയോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ചില കാര്യങ്ങൾ അതിനേക്കാൾ വലുതാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
'ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണ്. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഞാൻ പറഞ്ഞത് പോലെ ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുന്നു.
ഞങ്ങളുടെ സർക്കാരും ബിസിസിഐയും യോജിച്ചാണ് ഞങ്ങളെ ഇവടെ അയച്ചത്. ബാക്കി ഇവിടെ വന്നുള്ള കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്തതാണ്. ഇവിടെ കളിക്കാൻ മാത്രമാണ് ഞങ്ങൾ എത്തിയത്,' സൂര്യ പറഞ്ഞു.
ഏഴ് വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. പാകിസ്താനെ വെറും 127 റൺസിൽ ഒതുക്കിയ ഇന്ത്യ 155 ഓവറിൽ വിജയത്തിലെത്തി. മത്സരം വിജയിച്ചതോടെ ഇന്ത്യ സൂപ്പർ ഫോറിലേക്കെത്തി. 128 റൺസ് പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് തിളങ്ങിയത്. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂർണമെൻറിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്.
ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights- Suryakumar Says Why He Didn't Shake Hand with Pakistan Players