'പാകിസ്താനെതിരെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളാരും ആഗ്രഹിച്ചിരുന്നതല്ല'; തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ഏഷ്യാകപ്പ് മത്സരത്തില്‍ ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നും നടത്താതെയുള്ള ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ചര്‍ച്ചയാകുന്നതിനിടെയാണ് റെയ്‌നയുടെ പ്രതികരണം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. പാകിസ്താനെതിരായ മത്സരത്തില്‍ കളിക്കാന്‍ ആര്‍ക്കും വ്യക്തിപരമായി താത്പര്യമില്ലായിരുന്നെന്നും ഏഷ്യാ കപ്പ് കളിക്കാമെന്ന് ബിസിസിഐ അറിയിച്ച സാഹചര്യത്തില്‍ താരങ്ങള്‍ക്ക് മറ്റുവഴികള്‍ ഇല്ലായിരുന്നുവെന്നുമാണ് റെയ്‌ന പറഞ്ഞത്.

'ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. കളിക്കാരോട് വ്യക്തിപരമായി ചോദിച്ചാല്‍ പാകിസ്താനെതിരെ കളിക്കാന്‍ അവര്‍ക്ക് താത്പര്യം ഉണ്ടാകില്ല. ബിസിസിഐ കളിക്കാമെന്ന് സമ്മതിച്ചതുകാരണം താരങ്ങളെ അതിന് വേണ്ടി നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യ പാകിസ്താനെതിരെ കളിച്ചതില്‍ എനിക്കും സങ്കടമുണ്ട്. പക്ഷേ ഒരു കാര്യം എനിക്കുറപ്പാണ്. സൂര്യകുമാര്‍ യാദവിനും ടീം അംഗങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ അവരാരും ഈ മത്സരം കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം', റെയ്‌ന പറഞ്ഞു.

Suresh Raina claims none of the Indian players wanted to play against Pakistan in the Asia Cup.#AsiaCup2025 #INDvPAK #TeamIndia pic.twitter.com/zELY1nSWnH

ഏഷ്യാകപ്പ് മത്സരത്തില്‍ ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നും നടത്താതെയുള്ള ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ചര്‍ച്ചയാകുന്നതിനിടെയാണ് റെയ്‌നയുടെ പ്രതികരണം. പാകിസ്താനെതിരെ അനായാസ വിജയം നേടിയതിന് പിന്നാലെ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറടിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വിജയറണ്‍സ് കുറിച്ചത്. ശിവം ദുബെയായിരുന്നു ഒപ്പം. വിജയത്തിന് പിന്നാലെ ഇരുവരും പാക് താരങ്ങളുടെ നേര്‍ക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ ഡഗ്ഗൌട്ടില്‍ നിന്നിറങ്ങിവന്ന് ഹസ്തതദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്നെങ്കിലും ഇന്ത്യന്‍ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല. പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ വലിച്ചടക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാനായത്. ഇതോടെ പാക് താരങ്ങള്‍ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങില്‍ നിന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ വിട്ടു നിന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് പാകിസ്താന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സണും രംഗത്തെത്തിയിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ പാക് ടീം തയ്യാറായിരുന്നെന്നും എന്നാല്‍ ഇന്ത്യന്‍ ടീം അതിന് നില്‍ക്കാതെ ഡ്രെസിങ് റൂമിലേക്ക് പോവുകയായിരുന്നെന്നുമാണ് മൈക്ക് ഹെസ്സണ്‍ പറയുന്നത്.

Content Highlights: 'Indian players don't want to play Asia Cup against Pakistan', Says Suresh Raina

To advertise here,contact us