പാകിസ്താനെതിരെയും ബാറ്റിങ്ങിന് അവസരമില്ല; സഞ്ജു നിരാശയില്‍, വൈറലായി ഡഗ്ഗൗട്ടിലെ ചിത്രങ്ങള്‍

സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാത്തതില്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

പാകിസ്താനെതിരായ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്താനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15.5 ഓവറില്‍ വിജയത്തിലെത്തി.

ഇന്ത്യയുടെ വിജയത്തിനിടയിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് കാണാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ പോയത്. അഞ്ചാം നമ്പറിലേക്ക് മാറ്റിയ സഞ്ജുവിന് യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

പാകിസ്താനെതിരായ മത്സരത്തില്‍ 128 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മ മടങ്ങിയപ്പോള്‍ അഞ്ചാമനായി സഞ്ജുവിനെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശിവം ദുബെയാണ് സഞ്ജുവിന് പകരം ക്രീസിലെത്തിയത്. സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാത്തതില്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

I am Waiting for sanju Samson batting in next match 🇮🇳 #INDvsPAK #INDvPAK #TeamIndia #indvspak2025 #IndiaVsPakistan #AsiaCup #AsiaCupT20 #India #AsiaCup2025 #SuryakumarYadav https://t.co/FTE9xVjadV pic.twitter.com/U2Av4GZ0hW

കരിയറില്‍ ആദ്യമായി പാകിസ്താനെതിരെ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ കഴിയാതെ പോയതിന്റെ നിരാശയും വിഷമവും സഞ്ജു പ്രകടമാക്കുകയും ചെയ്തു. 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സറടിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വിജയറണ്‍സ് കുറിച്ചത്. അപ്പോള്‍ ഡഗ്ഗൗട്ടിലെ ഇന്ത്യന്‍ താരങ്ങളെല്ലാം ആവേശത്തോടെയും സന്തോഷത്തോടെയും എഴുന്നേറ്റപ്പോള്‍ സഞ്ജു മാത്രം ഇരിക്കുകയായിരുന്നു ചെയ്തിരുന്നത്.

ബാറ്റിങ് പാഡും ധരിച്ച് നിരാശയില്‍ ഇരിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അല്‍പ്പനേരം അവിടെ ഇരുന്ന ശേഷമാണ് സഞ്ജു എഴുന്നേറ്റത്. പിന്നാലെ മറ്റുതാരങ്ങള്‍ക്കൊപ്പം സഞ്ജുവും ഡ്രസിങ് റൂമിലേക്ക് നടന്നുപോവുകയായിരുന്നു.

Content Highlights: Asia Cup: Sanju Samson being sad at dugout match, Pics Goes Viral

To advertise here,contact us