ഏഷ്യാ കപ്പില് വിജയിച്ച ശേഷം താരങ്ങള്ക്ക് കൈ കൊടുക്കാതെ ഗ്രൗണ്ട് വിട്ട ഇന്ത്യന് താരങ്ങളുടെ നടപടിക്കെതിരെ പാകിസ്താന്. ഏഷ്യന് ക്രിക്കറ്റ് കൗണ്സിലില് പാക് ടീം പ്രതിഷേധം അറിയിച്ചു. ഇന്ത്യന് താരങ്ങളുടെ നടപടി സ്പോര്ട്മാന് സ്പിരിറ്റിന് വിരുദ്ധമാണെന്ന് പാക് ക്രിക്കറ്റ് ബോര്ഡും പ്രതികരിച്ചിരുന്നു. മത്സരത്തിന്റെ നിയമങ്ങള്ക്ക് എതിരാണ് ഇന്ത്യന് താരങ്ങളുടെ നടപടിയെന്നും പിസിബി ആരോപിച്ചു. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിലേക്ക് പാക് ക്യാപ്റ്റനെ അയയ്ക്കാത്തത് പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നുവെന്നും പാക് ക്രിക്കറ്റ് അധികൃതര് വ്യക്തമാക്കി.
പാകിസ്താനെതിരെ അനായാസ വിജയം നേടിയതിന് പിന്നാലെ പാകിസ്താന് താരങ്ങള്ക്ക് ഹസ്തദാനം നല്കാതെ ഇന്ത്യന് താരങ്ങള് മടങ്ങിയതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. സൂഫിയാൻ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറടിച്ച് ക്യാപ്റ്റന് സൂര്യകുമാര് യാദവാണ് ടീമിന്റെ വിജയറണ്സ് കുറിച്ചത്. ശിവം ദുബെയായിരുന്നു ഒപ്പം. വിജയത്തിന് പിന്നാലെ ഇരുവരും പാക് താരങ്ങളുടെ നേര്ക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.
ഇന്ത്യൻ താരങ്ങള് ഡഗ്ഗൌട്ടില് നിന്നിറങ്ങിവന്ന് ഹസ്തതദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള് അല്പനേരം ഗ്രൗണ്ടില് നിന്നെങ്കിലും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല. പാക് താരങ്ങള് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല് വലിച്ചടക്കുന്ന കാഴ്ചയാണ് അവര്ക്ക് കാണാനായത്. ഇതോടെ പാക് താരങ്ങള് ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങില് നിന്ന് പാക് ക്യാപ്റ്റന് സല്മാന് ആഗ വിട്ടു നിന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ഇന്ത്യന് താരങ്ങളുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് പാകിസ്താന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സണും രംഗത്തെത്തിയിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാൻ പാക് ടീം തയ്യാറായിരുന്നെന്നും എന്നാൽ ഇന്ത്യൻ ടീം അതിന് നിൽക്കാതെ ഡ്രെസിങ് റൂമിലേക്ക് പോവുകയായിരുന്നെന്നുമാണ് മൈക്ക് ഹെസ്സൺ പറയുന്നത്.
Content Highlights: Asia Cup 2025: Pakistan Cricket Board lodges protest over ‘No-Handshake’ controversy