ബോയ്ക്കോട്ട് ആഹ്വാനങ്ങൾ മൂലം ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ആവേശം ഇത്തവണ ചെറുതായൊന്നു കുറഞ്ഞിട്ടുണ്ട്. സാധാരണ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ആവേശം ഇന്നത്തെ മത്സരത്തിൽ ഇല്ലെങ്കിൽ പോലും ഒരു പറ്റം ആളുകൾ ഇപ്പോഴും ഈ പോരാട്ടത്തിനായി കാത്തിരിക്കുന്നുണ്ട്.
ഇന്ത്യൻ കളിക്കാർ രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരം പങ്കിടുന്നുണ്ടെന്നും അതിനോട് അനുകമ്പയുണ്ടെന്നും പറയുകയാണ് ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനായ റയാൻ ടെൻ ഡോഷേറ്റെ. 'ഞങ്ങൾ രാജ്യത്തിനെ പ്രതിനീധികരിക്കുന്ന പോലെ കളിക്കണമെന്ന് ആഗ്രഹിക്കുന്നു. വികാരം എനിക്ക് മനസിലാകും എന്നാൽ ബിസിസിഐയും ഇന്ത്യൻ സർക്കാരും നൽകുന്ന നിർദേശം അനുസരിച്ച് മാത്രമെ ഞങ്ങൾക്ക് നീങ്ങാൻ സാധിക്കുകയുള്ളൂ.
ഇത് വളരെ സെൻസിറ്റീവായുള്ള ഒരു പ്രശ്നമാണ്. ഇന്ത്യൻ ബഹുഭൂരിപക്ഷത്തിന്റെ വികാരങ്ങളും അനുകമ്പയും തന്നെയാണ് കളിക്കാരും ഉൾകൊള്ളുന്നതെന്നതിൽ എനിക്ക് സംശയമൊന്നുമില്ല. കുറച്ച് കാലമായി ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരുന്നു, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ വരുമെന്ന് പോലും ഞങ്ങൾ കരുതിയിരുന്നില്ല,' റയാൻ ടെൻ ഡോഷേറ്റെ പറഞ്ഞു.
എന്നാൽ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുമ്പോൾ ഈ വികാരങ്ങളെല്ലാം തന്നെ മാറ്റിവെച്ച് കളിയിൽ മാത്രം ശ്രദ്ധിക്കാനും റയാൻ ഓർമിപ്പിച്ചു. ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമുണ്ടാകുന്ന സാധ്യത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വൈകീട്ട് 8 മണിക്ക് ദുബായ് സ്റ്റേഡിയത്തിൽ വെച്ച് മത്സരം ആരംഭിക്കും.
Content Highlights- Ryan Ten Doeschate says Indian players shares same feelings as Indians