ഏഷ്യാ കപ്പിൽ നിന്നും അങ്ങനെ മാറാൻ പറ്റില്ല, അത് ഭാവിയെ ബാധിക്കും; വ്യക്തമാക്കി ബിസിസിഐ

ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയയാണ് ഇക്കാര്യത്തെ കുറിച്ച് വീണ്ടും സംസാരിക്കുന്നത്

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരു, പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളും പ്രതിപക്ഷവുമെല്ലാം ഈ മത്സരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇരകളോടും ഭീകരാക്രമണത്തിൽ ജീവിതം നഷ്ടപ്പെട്ടവരോടും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു അനുകമ്പയുമില്ലേയെന്ന് മത്സരം എതിർക്കുന്നവർ ചോദിക്കുന്നു. എന്നാൽ മൾട്ടി നാഷണൽ ടൂർണമെന്റിൽ നിന്നും പിൻമാറാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിസിസിഐ.

ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയയാണ് ഇക്കാര്യത്തെ കുറിച്ച് വീണ്ടും സംസാരിക്കുന്നത്. കേന്ദ്ര സർക്കാർ നയപ്രകാരമാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നും ദേവ്ജിത്ത് പറയുന്നു.

' മൾട്ടി നാഷണൽ ടൂർണമെന്റായതുകൊണ്ടാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഒളിമ്പിക്‌സ്, ഫിഫാ ടൂർണമെന്റ്, എഎഫ്‌സി ടൂർണമെന്റ്, അന്താരാഷ്ട്ര അത്‌ലെറ്റിക്ക് ടൂർണമെന്റ് എന്നിവയൊക്കെ പോലെയാണ് ഇത്. അതിനാൽ തന്നെ ഏഷ്യാ കപ്പിൽ നിന്നും പിന്മാറുന്നത് സാധിക്കുന്ന കാര്യമല്ല. അങ്ങനെ ഇത് റദ്ദാക്കിയാൽ ഭാവിയിൽ ഒരുപാട് ദോഷം ചെയ്യും.

ഭാവിയിൽ മൾട്ടിനാഷണൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ ആതിഥേയത്വം വഹിക്കാൻ നമുക്ക് സാധിക്കില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് നമുക്ക് ഈ മത്സരം റദ്ദാക്കാനോ കളിക്കാതെ ഇരിക്കാനോ സാധിക്കില്ല. എന്നാൽ ബൈലാറ്ററൽ പരമ്പരകൾ പാകിസ്താനുമായി തുടർന്നും കളിക്കില്ല,' ദേവ്ജിത്ത് പറഞ്ഞു.

ഇന്ന് വൈകീട്ട് 8ന് ദുബൈ സ്‌റ്റേഡിയത്തിൽ വെച്ചാണ് ഏവരും കാത്തിരിക്കുന്ന മത്സരം. ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു.

Content Highlights- BCCI Secretary Explains why Indian Cant Boycott matcha against Pakistan

To advertise here,contact us