ഏഷ്യാ കപ്പ് ക്രിക്കറ്റില് പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 128 റണ്സ് വിജയലക്ഷ്യം. ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 127 റണ്സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുല്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള് ജസ്പ്രീത് ബുംറയും അക്സര് പട്ടേലും രണ്ട് വിക്കറ്റുകള് വീതം വീഴ്ത്തി.
ഇന്നിങ്സിലെ ആദ്യ പന്തില് തന്നെ ഓപ്പണര് സയിം അയ്യൂബിനെ (0) ഹാര്ദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ചു. വണ്ഡൗണായി എത്തിയ മുഹമ്മദ് ഹാരിസിനെ (3) തൊട്ടടുത്ത ഓവറില് ബുംറ ഹാര്ദിക്കിന്റെ കൈകളിലെത്തിച്ച് പാകിസ്താനെ പ്രതിരോധത്തിലാക്കി. തുടര്ന്നെത്തിയ ഫഖര് സമാനൊപ്പം സാഹിബ്സാദ ഫര്ഹാന് സ്കോര് പതിയെ ഉയര്ത്തി തുടങ്ങി. ടീം സ്കോര് 45 റണ്സില് നില്ക്കെ ഫഖര് സമാനെയും (17) പാകിസ്താന് നഷ്ടമായി. അക്സര് പട്ടേലിന്റെ പന്തില് തിലക് വര്മയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഫഖര് മടങ്ങിയത്.
ക്യാപ്റ്റന് സല്മാന് അലി ആഗയെയും (3) അക്സര് വീഴ്ത്തിയതോടെ പാകിസ്താന് പരുങ്ങലിലായി. തുടര്ന്നങ്ങോട്ട് പാക് വിക്കറ്റുകള് വീഴ്ത്താനുള്ള ചുമതല കുല്ദീപിനായിരുന്നു. ഹസന് നവാസിനെ (5) അക്സറിന്റെ കൈകളിലെത്തിച്ച കുല്ദീപ് യാദവ് മുഹമ്മദ് നവാസിനെ റണ്സൊന്നുമെടുക്കാന് അനുവദിക്കാതെ വിക്കറ്റിന് മുന്നില് കുടുക്കി. പിന്നാലെ ഓപണര് സാഹിബ്സാദ ഫര്ഹാനെയും (40) കുല്ദീപ് മടക്കിയയച്ചു.
11 റണ്സെടുത്ത ഫഹീം അഷ്റഫിനെ വരുണ് ചക്രവര്ത്തി വിക്കറ്റിന് മുന്നില് കുടുക്കി. ഒന്പതാമതെത്തിയ ഷഹീന് അഫ്രീദി സുഫിയാന് മുഖീമിനെ കൂട്ടുപിടിച്ച് ഷഹീന് സ്കോര് 100 കടത്തി. 10 റണ്സെടുത്ത മുഖീമിനെ ബുംറ ക്ലീന് ബൗള്ഡാക്കി. എന്നാല് അവസാന ഓവറില് തകര്ത്തടിച്ച ഷഹീന് അഫ്രീദിയാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 16 പന്തുകള് നേരിട്ട ഷഹീന് നാല് സിക്സറുള്പ്പെടെ 33 റണ്സെടുത്തു.
Content Highlights: Asia Cup 2025: Kuldeep Yadav takes three wickets as India restrict Pakistan to 127/9 in Dubai